മല്‍സ്യത്തൊഴിലാളികള്‍ക്ക് രക്ഷയാകാന്‍ മറൈന്‍ ആംബുലന്‍സുകള്‍ ;പ്രതീക്ഷയ്ക്ക് ഫ്‌ളാഗ് ഓഫ്,പ്രത്യാശയും കാരുണ്യയും നീരണിഞ്ഞു
മല്‍സ്യബന്ധനത്തിനിടെ ഉണ്ടാകുന്ന അപകടങ്ങളില്‍ കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനവുംദുരന്തമുഖങ്ങളില്‍ തന്നെ പ്രാഥമികചികില്‍സയും ലക്ഷ്യമിട്ടാണ്ഫിഷറീസ് വകുപ്പ് മറൈന്‍ ആംബുലന്‍സുകള്‍ നിര്‍മിച്ചത്.ഒരു ബോട്ടിന് 6.08 കോടി രൂപ നിരക്കില്‍ 18.24 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം അടങ്കല്‍ തുക
കൊച്ചി : മല്‍സ്യത്തൊഴിലാളികള്‍ക്ക് രക്ഷാകവചമൊരുക്കാന്‍ മൂന്ന് അത്യാധുനിക മറൈന്‍ ആംബുലന്‍സുകള്‍ കടല്‍പ്പരപ്പിലേക്ക്. ആദ്യത്തെ ആംബുലന്‍സ് പ്രതീക്ഷയുടെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. മറ്റ് രണ്ട് ആംബുലന്‍സുകളായ പ്രത്യാശ, കാരുണ്യ എന്നിവയും കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ നീരണിഞ്ഞു.മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, ഫിഷറീസ് വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ എന്നിവരാണ്ഈ യാനങ്ങളെ വെള്ളത്തിലിറക്കിയത്.മല്‍സ്യബന്ധനത്തിനിടെ ഉണ്ടാകുന്ന അപകടങ്ങളില്‍ കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനവുംദുരന്തമുഖങ്ങളില്‍ തന്നെ പ്രാഥമികചികില്‍സയും ലക്ഷ്യമിട്ടാണ്ഫിഷറീസ് വകുപ്പ് മറൈന്‍ ആംബുലന്‍സുകള്‍ നിര്‍മിച്ചത്.
ഒരു ബോട്ടിന് 6.08 കോടി രൂപ നിരക്കില്‍ 18.24 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം അടങ്കല്‍ തുക. ഇതിനായി ഓഖി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 7.36 കോടി രൂപയും ഫിഷറീസ് വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ടു കോടി രൂപയും ലഭ്യമായി. ഒരു മറൈന്‍ ആംബുലന്‍സിന്റെ നിര്‍മാണച്ചെലവ് പൂര്‍ണമായും വഹിക്കുന്നത് ഭാരത് പെട്രോളിയം കോര്‍പറേഷനാണ്.സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്ടെക്‌നോളജിയാണ്23 മീറ്റര്‍ നീളവും 5.5 മീറ്റര്‍ വീതിയും 3 മീറ്റര്‍ ആഴവുമുള്ള മറൈന്‍ ആംബുലന്‍സുകള്‍ക്ക് ആവശ്യമായ സാങ്കേതിക പിന്തുണ നല്‍കിയത്. അപകടത്തിലകപ്പെടുന്ന 10 പേരെ ഒരേ സമയം സുരക്ഷിതമായി കിടത്തി കരയിലെത്തിക്കാന്‍ സാധിക്കും.
പ്രാഥമിക ചികില്‍സ ലഭ്യമാക്കാന്‍ കഴിയുന്ന മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും മോര്‍ച്ചറിയും ഒരുക്കിയിട്ടുള്ള ആംബുലന്‍സില്‍ 24 മണിക്കൂറും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും പ്രത്യേക പരിശീലനം ലഭിച്ച നാല് സീ റെസ്‌ക്യൂ സ്‌ക്വാഡുകളുടെയും സേവനം ലഭ്യമാണ്. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷനാണ് സാങ്കേതിക ജീവനക്കാരുടെ സേവനം ലഭ്യമാക്കുന്നത്.പ്രതീക്ഷ, പ്രത്യാശ, കാരുണ്യ എന്ന മറൈന്‍ ആംബുലന്‍സുകള്‍ യഥാക്രമം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലകളിലാണ് 24മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഉപയോഗിക്കുക.