വയനാട്ടില്‍ മുഖംമൂടി സംഘത്തിന്റെ ആക്രമണം: ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു
കല്‍പ്പറ്റ: വയനാട് പനമരത്ത് മുഖംമൂടി സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മയും മരിച്ചു. നെല്ലിയമ്പം കാവടം പത്മാലയത്തില്‍ പത്മാവതി (70) ആണ് മരിച്ചത്. സംഘത്തിന്റെ വെട്ടേറ്റ ഭര്‍ത്താവ് റിട്ട.അധ്യാപകനായ കേശവന്‍നായര്‍ വ്യാഴാഴ്ച രാത്രി മരിച്ചിരുന്നു. മുഖംമൂടി തിരിച്ചെത്തിയ അജ്ഞാതസംഘം പനമരം പോലിസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധദമ്പതികളെ വെട്ടുകയായിരുന്നു. കേശവന്‍നായര്‍ തത്ക്ഷണം മരിച്ചു. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ രാത്രി എട്ടുമണിക്ക് ശേഷമാണ് ഇവരുടെ വീട്ടിലേക്ക് മുഖംമൂടി അണിഞ്ഞ രണ്ടുപേരെത്തിയത്. ഒറ്റപ്പെട്ട ഒരു സ്ഥലത്താണ് ഇവരുടെ വീട്. ചുറ്റും തോട്ടമാണ്. റിട്ട. അധ്യാപകനാണ് കേശവന്‍ മാസ്റ്റര്‍. മക്കളൊക്കെ പുറത്താണ് താമസം. പത്മാവതിയുടെ ഉച്ചത്തിലുള്ള അലര്‍ച്ച കേട്ടാണ് നാട്ടുകാര്‍ വിവരമറിയുന്നത്. അവര്‍ അലറിക്കരഞ്ഞുകൊണ്ട് വീടിന് പുറത്തേക്ക് ഓടിവരികയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും മുഖംമൂടി അണിഞ്ഞ രണ്ടുപേര്‍ ഓടിരക്ഷപ്പെടുന്നത് കണ്ടു. കേശവന്‍മാസ്റ്റര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഉദരഭാഗത്താണ് കേശവന് ഗുരുതരമായി പരിക്കേറ്റത്. പത്മാവതിക്ക് കഴുത്തിനും.
അതീവഗുരുതരാവസ്ഥയിലായിരുന്ന പത്മാവതിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ഇന്ന് രാവിലെ മരിച്ചു. മാനന്തവാടി ഡിവൈഎസ്പി എ പി ചന്ദ്രന്‍, പനമരം, കേണിച്ചിറ, മാനന്തവാടി പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രദേശത്ത് വന്‍ പോലിസ് സന്നാഹം തന്നെ ക്യാംപ് ചെയ്തിട്ടുണ്ട്. കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീബ് കരണി അടക്കമുള്ളവര്‍ രാത്രി സ്ഥലത്തെത്തി. പ്രതികളെ പിടികൂടുന്നതിനായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.