മാധ്യമവിലക്ക്: ബിജെപി സര്‍ക്കാരിന്റെ ഫാഷിസ്റ്റ് മുഖം വെളിപ്പെട്ടെന്ന് ചെന്നിത്തല
മാധ്യമങ്ങളുടെ വായ് മൂടി കെട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം അപലപനീയമാണ്.
ആലപ്പുഴ: വാര്‍ത്താചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും വിലക്കേര്‍പ്പെടുത്തിയ ബിജെപി സര്‍ക്കാരിന്റെ നടപടി ഗുരുതരമായ നീതിനിഷേധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി സര്‍ക്കാരിന്റെ ഫാഷിസ്റ്റ് മുഖമാണ് വെളിപ്പെട്ടിരിക്കുന്നത്. സര്‍ക്കാരുകള്‍ പറയുന്നതനുസരിച്ച് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. ഡല്‍ഹി കലാപം റിപോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പടുത്തിയതില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്‍, കേരള ന്യൂസ് പേപ്പര്‍ എംപ്ലോയിസ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നടന്ന പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്. മാധ്യമങ്ങളുടെ വായ് മൂടി കെട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം അപലപനീയമാണ്.
കേന്ദ്രസര്‍ക്കാരിന്റെ ഫാഷിസ്റ്റ് നടപടിക്കെതിരേ എല്ലാവരും ഒറ്റക്കെട്ടയി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കെ യു ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജന്‍, കെയുഡബ്ല്യുജെ ജില്ലാ സെക്രട്ടറി ആര്‍ രാജേഷ്, കെഎന്‍ഇഎഫ് ഓര്‍ഗനൈസിങ് സെക്രട്ടറി ഗോപന്‍ നമ്പാട്ട്, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റ്് അഡ്വ.പ്രതാപചന്ദ്രന്‍, വി ആര്‍ രാജ് മോഹന്‍, കെഎന്‍ഇഎഫ് ജില്ലാ സെക്രട്ടറി വി എസ് ജോണ്‍സണ്‍, എ ഷൗക്കത്ത്, കെ എ ബാബു എന്നിവര്‍ സംസാരിച്ചു. പ്രസ്‌ക്ലബ്ബ് പരിസരത്തുനിന്നും ആരംഭിച്ച പ്രകടനം നഗരംചുറ്റി എവിജെ ജങ്ഷനില്‍ സമാപിച്ചു.