മന്ത്രിയും എസ്പിയും ഗതാഗതക്കുരുക്കില്‍ പെട്ടു; മൂന്ന് പോലിസുകാര്‍ക്ക് സസ്പെന്ഷന്
കൊല്ലം: മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും എസ്പി ആര് ഹരിശങ്കറും ഗതാഗതക്കുരുക്കില്‍ പെട്ടതിനെ തുടര്‍ന്നു സുരക്ഷാ വീഴ്ച ആരോപിച്ച് പോലിസുകാര്‍ക്കു സസ്പെന്ഷന്. ശൂരനാട് പോലിസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ഹരിലാല്‍, സിപിഒ രാജേഷ്, റൂറല്‍ പോലിസ് സ്പെഷല്‍ ബ്രാഞ്ചിലെ എഎസ്ഐ നുക്യുദീന്‍ എന്നിവരെയാണ് വാഹനം കടന്നുപോകുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിട്ടും വേണ്ട സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ചു എസ്പി സസ്പെന്‍ഡ് ചെയ്തത്.
കൊല്ലം മയ്യത്തുംകരയിലാണ് മന്ത്രിയും എസ്പിയും പത്തു മിനുറ്റോളം ഗതാഗതക്കുരുക്കില്‍ പെട്ടത്. പത്തനംതിട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ശൂരനാട്ടെ ദുരിതാശ്വാസ ക്യാംപുകളില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു എസ്പി ആര് ഹരിശങ്കര്‍. ഇവരുടെ യാത്രക്കിടെ വിവാഹ ഓഡിറ്റോറിയത്തിനു മുന്നിലെത്തിയതോടെ ഗതാഗത കുരുക്കില്‍ പെടുകയായിരുന്നു.