ന്യൂനപക്ഷ വിഭാഗത്തിലെ വിധവകൾക്ക് ഭവനനിർമാണത്തിന് 10.36 കോടി അനുവദിച്ചു

സംസ്ഥാനത്ത് ഭർത്താവ് മരിച്ച പതിനേഴര ലക്ഷത്തോളം സ്ത്രീകളുണ്ടെന്നാണ് കണക്ക്.

Update: 2020-06-26 08:16 GMT

തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗത്തിലുൾപ്പെട്ട വിധവകളോ വിവാഹമോചിതരോ ഭർത്താവ് നഷ്ടപ്പെട്ടതോ ആയ സ്ത്രീകൾക്ക് ഭവനനിർമാണം പൂർത്തീകരിക്കാൻ 10.36 കോടി രൂപ ന്യൂനപക്ഷ ക്ഷേമവകുപ്പ് അനുവദിച്ചു. ഭവനരഹിതരായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ജൈന, പാഴ്‌സി വിഭാഗങ്ങളിലുള്ളവർക്ക് പ്രയോജനപ്പെടുന്നതാണ് പദ്ധതി. സംസ്ഥാനത്ത് ഭർത്താവ് മരിച്ച പതിനേഴര ലക്ഷത്തോളം സ്ത്രീകളുണ്ടെന്നാണ് കണക്ക്.

നിർമാണത്തിന്റെ വിവിധഘട്ടങ്ങളിലുള്ള 532 വീടുകൾക്കും പുനരുദ്ധാരണത്തിനുള്ള 75 വീടുകൾക്കുമായി തുക വിനിയോഗിക്കും. പരമാവധി നാലുലക്ഷം രൂപയാണ് ഒരു വീടിന് ലഭിക്കുക. ഈ സാമ്പത്തിക വർഷം തന്നെ പണി പൂർത്തീകരിക്കുന്നതിനാണ് സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പണം അനുവദിച്ചതെന്ന് ന്യൂനപക്ഷ ക്ഷേമവകുപ്പ് വിശദീകരിക്കുന്നു.

വയനാട് (110), ആലപ്പുഴ (90), പാലക്കാട് (79), മലപ്പുറം (59), കണ്ണൂർ (63) ജില്ലകളിലാണ് അമ്പതിലധികം വീതം വീടുകളുള്ളത്. തിരുവനന്തപുരം (നാല്), കൊല്ലം (21), പത്തനംതിട്ട (ഏഴ്), കോട്ടയം (12), എറണാകുളം (10), തൃശ്ശൂർ (ഒമ്പത്), കോഴിക്കോട് (25), കാസർകോട് (43) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്. അതത് ജില്ലാ കലക്ടർമാർക്കാണ് പദ്ധതിയുടെ മേൽനോട്ടച്ചുമതല.

Tags:    

Similar News