രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കരുതെന്ന് സോണിയയോടും രാഹുലിനോടും ശരത് പവാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് തോമസ് ചാണ്ടി

രാഹുല്‍ ഗാന്ധി വയനാട്ടില്‍ സിപിഐക്കെതിരെ മല്‍സരിക്കുന്നത് ദേശീയ തലത്തിലെ പ്രതിപക്ഷ ഐക്യത്തിന് വിരുദ്ധവും ചരിത്രപരമായ വിഢിത്തവും.മോഡി സര്‍ക്കാരിന്റെ കീഴില്‍ സംഘപരിവാര്‍ ശക്തികളും വര്‍ഗ്ഗീയവാദികളും ഉറഞ്ഞ് തുള്ളിയതിന്റെ ഭാഗമായി രാജ്യത്ത് മതന്യൂനപക്ഷ ജനവിഭാഗങ്ങള്‍ ഭയാശങ്കയിലാണ്..ലോക് സഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് കേരളത്തില്‍ സീറ്റ് കിട്ടാത്തത്തില്‍ നിരാശയില്ല.സിപിഐ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി എന്‍സിപി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുന്നില്ലെന്ന ആരോപണം അടിസ്ഥാന രഹിതം

Update: 2019-03-29 12:14 GMT

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കരുതെന്ന് സോണിയ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും എന്‍സിപി ദേശീയ പ്രസിഡന്റ് ശരത് പവാര്‍ നേരിട്ട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.രാഹുല്‍ ഗാന്ധി വയനാട്ടില്‍ സിപിഐക്കെതിരെ മല്‍സരിക്കുന്നത് ദേശീയ തലത്തിലെ പ്രതിപക്ഷ ഐക്യത്തിന് വിരുദ്ധവും ചരിത്രപരമായ വിഢിത്തവുമാണ്. ഇത് രാജ്യത്തെ ജനങ്ങളില്‍ തെറ്റായ സന്ദേശം നല്‍കുന്ന അലോചനയാണ്. മോഡി സര്‍ക്കാരിന്റെ കീഴില്‍ സംഘപരിവാര്‍ ശക്തികളും വര്‍ഗ്ഗീയവാദികളും ഉറഞ്ഞ് തുള്ളിയതിന്റെ ഭാഗമായി രാജ്യത്ത് മതന്യൂനപക്ഷ ജനവിഭാഗങ്ങള്‍ ഭയാശങ്കകളോടെയാണ് കഴിഞ്ഞുകൂടുന്നതെന്നും തോമസ് ചാണ്ടി പറഞ്ഞു.

പ്രതിരോധരംഗത്തും ശാസ്ത്രരംഗത്തും രാജ്യത്തിനുണ്ടായ നേട്ടങ്ങള്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പി രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ്. രാജ്യ സുരക്ഷയുടെ ഭാഗമായി അതിര്‍ത്തികളില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളും വീരമൃത്യവും തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ പരസ്യമായ ലംഘനവുമാണ്. രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്ന് സ്വയം ഊറ്റം കൊള്ളുന്ന പ്രധാനമന്ത്രി സാധാരണ ജനങ്ങളെ പറഞ്ഞ് പറ്റിച്ചുകൊണ്ട് വന്‍കിട മുതലാളിമാരുടെ ഇടനിലക്കാരനായി മാറിയിരിക്കുകയാണെന്നും തോമസ് ചാണ്ടി പറഞ്ഞു. കേരളത്തില്‍ രണ്ട് സീറ്റുകളില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം പോലും പൂര്‍ത്തീകരിക്കുവാന്‍ കഴിയാതെ യൂ ഡി എഫ് തമ്മിലടിച്ച് തകരുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണ നേട്ടങ്ങള്‍ക്ക് മുന്നില്‍ ഐക്യജനാധിപത്യ മുന്നണി പതറി നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നതെന്നും തോമസ് ചാണ്ടി പറഞ്ഞു.ലക്ഷദ്വീപില്‍ എന്‍സിപി കോണ്‍ഗ്രസിനെതിരെ മല്‍സരിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ അവിടെ ബി ജെ പി ദുര്‍ബലമാണെന്നായിരുന്നുവാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി എ കെ ശശീന്ദ്രന്റെ മറുപടി.

ബി ജെ പിയാണ് ഒന്നാം നമ്പര്‍ ശത്രു. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ധാരണയുണ്ടാക്കുന്നതിന്റെ ഭാഗമായാണ് കേരളത്തില്‍ പാര്‍ട്ടി എല്‍ ഡി എഫുമായി സഹകരിക്കുന്നതെന്നും ശശീന്ദ്രന്‍ പറഞ്ഞു.ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ടിക്ക് സീറ്റ് ലഭിക്കാത്തതില്‍ ഒരു നിരാശയുമില്ലെന്ന് തോമസ് ചാണ്ടി പറഞ്ഞു. അടുത്ത പഞ്ചായത്ത്, നിയമസഭ തിരഞ്ഞെടുപ്പുകളാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.ലോക് സഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് കേരളത്തില്‍ സീറ്റ് കിട്ടാത്തത്തില്‍ നിരാശയില്ല.സിപിഐ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി എന്‍സിപി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുന്നില്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.ദേശീയ ജനറല്‍ സെക്രട്ടറി ടി പി പീതാംബരന്‍, വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങളായ മാണി സി കാപ്പന്‍, വര്‍ക്കല രവികുമാര്‍, ജനറല്‍ സെക്രട്ടറി സലീം പി മാത്യൂ, ബാബു കാര്‍ത്തികേയന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.





Tags:    

Similar News