വയനാട്ടില്‍ പുതിയ കൊവിഡ് ബാധ മാനന്തവാടി സ്വദേശിക്ക്
ലോറി ഡ്രൈവറായ ഇയാള്‍ ഏപ്രില്‍ 26ന് ചെന്നൈയില്‍ നിന്ന് തിരിച്ചുവന്നതാണ്. 29ന് സ്രവപരിശോധന നടത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
കല്‍പ്പറ്റ: നീണ്ട 32 ദിവസങ്ങള്‍ക്കുശേഷം വയനാട്ടില്‍ വിണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മാനന്തവാടി കുറുക്കന്‍മൂല സ്വദേശിയായ 52 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളെ മാനന്തവാടി കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി. ലോറി ഡ്രൈവറായ ഇയാള്‍ ഏപ്രില്‍ 26ന് ചെന്നൈയില്‍ നിന്ന് തിരിച്ചുവന്നതാണ്. 29ന് സ്രവപരിശോധന നടത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ജില്ലയില്‍ ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. മൂന്നുപേര്‍ ചികില്‍സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി.
കൊവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 49 പേര്‍ കൂടി ഇന്ന് നിരീക്ഷണത്തിലായി. 97 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 790 പേരാണ്. ആശുപത്രിയില്‍ 10 പേര്‍ നിരീക്ഷണത്തിലുണ്ട്.വയനാട്ടില്‍നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ചത് 432 സാമ്പിളുകളാണ്. 13 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്. 14 ചെക്ക് പോസ്റ്റുകളിലെ 1,848 വാഹനങ്ങളിലായെത്തിയ 3,044 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കുംതന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.