പുതുവല്‍സരാഘോഷം: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് പോലിസ്

പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിനോ, പൊതു പരിപാടികള്‍ സംഘടിപ്പിക്കുന്നതിനോ, പടക്കം പൊട്ടിക്കുന്നതിനോ അനുവദിക്കില്ല. മദ്യപിച്ച്‌വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും

Update: 2021-12-29 08:16 GMT

കൊച്ചി: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പുതുവല്‍സര ആഘോഷങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടി എടുക്കുമെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ആയിരത്തി അഞ്ഞൂറോളം പോലിസ് ഉദ്യോഗസ്ഥരെ പുതുവല്‍സര തലേന്ന് മുതല്‍ പകലും രാത്രിയും ആയി ഡ്യൂട്ടിക്കായി നിയോഗിക്കും. പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിനോ, പൊതു പരിപാടികള്‍ സംഘടിപ്പിക്കുന്നതിനോ, പടക്കം പൊട്ടിക്കുന്നതിനോ അനുവദിക്കുന്നതല്ല.

മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. അത്തരക്കാരെ കണ്ടെത്തുന്നതിനായി വാഹന പരിശോധന ഊര്‍ജിതമാക്കും, മദ്യവില്‍പ്പന ശാലകളില്‍ നിയമപ്രകാരമുള്ള സമയപരിധിയില്‍ മാത്രമേ വില്‍പന അനുവദിക്കുകയുള്ളൂ ഇത് പോലിസ് കര്‍ശനമായി നിരീക്ഷിക്കും. പൊതുസ്ഥലങ്ങളിലും, ബീച്ചുകളിലും, പാര്‍ക്കുകളിലും മറ്റും മദ്യപിക്കുന്നവരെയും സ്ത്രീകളേയും കുട്ടികളേയും ശല്യം ചെയ്യുന്നവരെയും പിടികൂടുന്നതിനായി വനിത പോലിസ് ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ മഫ്തിയിലും ഡ്യൂട്ടിക്കായി ഉണ്ടായിരിക്കുന്നതാണ്. ലഹരിപദാര്‍ഥങ്ങളുടെ വിപണനവും ഉപയോഗവും തടയുന്നതിനും നടപടികള്‍ എടുക്കുന്നതിനുമായി പ്രത്യേക പരിശീലനം ലഭിച്ച പോലിസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ബീച്ചുകളിലും പാര്‍ക്കുകളിലും മറ്റും നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച് നിരീക്ഷിക്കുന്നതിനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് മുതല്‍ എറണാകുളം റൂറല്‍ ജില്ലയിലെ എല്ലാ പോലിസ് സ്‌റ്റേഷന്‍ പരിധികളിലും പ്രത്യേക പോലിസ് ബന്തവസ്, പ്രത്യേക പോലിസ് പട്രോളിങ് എന്നിവ ഉണ്ടായിരിക്കും.വാഹനങ്ങളുടെ അമിതവേഗം ഒഴിവാക്കുന്നതിനായി കാമറകളുടെ സഹായത്തോടെ വാഹനപരിശോധനയും, ഇന്റര്‍സെപ്റ്റര്‍ വെഹിക്കിള്‍ ഉപയോഗിച്ചുള്ള വാഹന പരിശോധനയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിരിക്കും.

ടൂറിസ്റ്റ് മേഖലകളില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള ടൂറിസ്റ്റുകളെ ശല്യപ്പെടുത്തുന്നത് തടയുന്നതിനായി മഫ്തിയില്‍ പോലീസുദ്യോഗസ്ഥര്‍ ഉണ്ടായിരിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ബീച്ചുകളിലും മറ്റും ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കണം. രാത്രിയില്‍ അനുവദനീയമായ സമയത്തിനുശേഷം ആളുകളെ ബീച്ചിലേക്ക് പ്രവേശിപ്പിക്കുന്നതല്ല. ഡിജെ പാര്‍ട്ടികളും മറ്റും ഒഴിവാക്കി സഹകരിക്കണം. ഡിസംബര്‍ 30 മുതല്‍ 2022 ജനുവരി 2 വരെ രാത്രി 10 മണി മുതല്‍ രാവിലെ 5 മണി വരെ രാത്രി കാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്. പുതുവല്‍സരാഘോഷങ്ങള്‍ രാത്രി 10 മണിക്ക് ശേഷം അനുവദിക്കുന്നതല്ല.

പൊതുനിരത്തുകളില്‍ കാര്‍ റൈസിംഗ് മോട്ടോര്‍ ബൈക്ക് റേസിംഗ് ആള്‍ട്ടറേഷന്‍ ബൈക്ക് ഉപയോഗിച്ചുള്ള റൈഡിങ് എന്നിവ കണ്ടാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതാണ്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുന്നതാണ്.കൊവിഡ് വ്യാപനം കൂടുന്നതിന്റെയും, ജനിതക വകഭേദം വന്ന വൈറസിന്റെയും ഭീഷണിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതുവല്‍സര ആഘോഷ വേളയില്‍ എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് എസ്.പി കെ കാര്‍ത്തിക് പറഞ്ഞു.

Tags:    

Similar News