വാര്‍ത്തയുടെ പേരിലെ കേസ് റദ്ദാക്കണം: കെയുഡബ്ല്യുജെ
വിചാരണ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയം പ്രസ്തുത കോടതിയുടെ അനുമതിയില്ലാതെപ്രസിദ്ധീകരിച്ചാല്‍ കേസെടുക്കാനുള്ള ഐപിസി സെക്ഷന്‍ 228 എ(3) അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് റിപ്പോര്‍ട്ടറിനെതിരെ പോലിസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ പേരില്‍ റിപോര്‍ട്ടര്‍ ചാനലിനും ചീഫ് എഡിറ്റര്‍ എം വി നികേഷ് കുമാറിനുമെതിരേ കേസെടുത്ത പോലിസ് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെയുഡബ്ലുജെ സംസ്ഥാന കമ്മിറ്റി. വിചാരണ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയം പ്രസ്തുത കോടതിയുടെ അനുമതിയില്ലാതെപ്രസിദ്ധീകരിച്ചാല്‍ കേസെടുക്കാനുള്ള ഐപിസി സെക്ഷന്‍ 228 എ(3) അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് റിപ്പോര്‍ട്ടറിനെതിരെ പോലിസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന നിര്‍ണായക വിവരം പുറത്തുവിട്ട സംവിധായകന്‍ ബാലചന്ദ്രകുമാറുമായുള്ള അഭിമുഖം അടക്കമുള്ള റിപ്പോര്‍ട്ടുകള്‍ കേസിന് ആധാരമായിട്ടുണ്ടെന്നാണു മനസ്സിലാവുന്നത്.
വിചാരണ നടക്കുന്ന കേസില്‍ നിലവില്‍ ഒരു നിലയ്ക്കും ബന്ധമില്ലാതിരുന്ന ഒരാളുമായുള്ള അഭിമുഖം ഒരു നിലയ്ക്കും ഈ വകുപ്പിന്റെ പരിധിയില്‍ വരുന്നതല്ല. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ ദിലീപ് വധ ഗൂഢാലോചന നടത്തി എന്ന കേസിന്റെ അടിസ്ഥാനം എന്നതുപോലും മറന്നുകൊണ്ടുള്ളതാണു പോലിസ് നടപടി.
ഏതു നിലയ്ക്കായാലും വാര്‍ത്തകളുടെ പേരില്‍ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവത്തകര്‍ക്കുമെതിരേ കേസെടുക്കുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് നിരക്കുന്ന പ്രവൃത്തിയല്ല. അറിയാനുള്ള ജനങ്ങളുടെ അവകാശത്തിനും അറിയിക്കാനുള്ള മാധ്യമങ്ങളുടെ അവകാശത്തിനും നേരെയുള്ള കടന്നുകയറ്റമാണിത്. മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യാവകാശങ്ങള്‍ക്കും നേരെയുള്ള വെല്ലുവിളിയായേ ഇത്തരം സംഭവങ്ങളെ കാണാനാവൂ. മാധ്യമ സ്ഥാപനത്തിനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമെതിരെ അന്യായമായി ചുമത്തിയ കേസ് റദ്ദാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന പോലിസ് മേധാവിക്കും നല്‍കിയ നിവേദനത്തില്‍ യൂണിയന്‍ പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും ആവശ്യപ്പെട്ടു.