തൃശൂര്‍ ജില്ലയില്‍ മലയോര പ്രദേശങ്ങളില്‍ രാത്രികാല യാത്ര താല്‍ക്കാലികമായി നിരോധിച്ചു

രാത്രിസമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് മുന്‍കരുതലായി പകല്‍സമയം തന്നെ നിര്‍ബന്ധപൂര്‍വ്വം ആളുകളെ മാറ്റി താമസിപ്പിക്കണം.

Update: 2020-09-20 15:34 GMT

തൃശൂര്‍: സംസ്ഥാനത്ത് തൃശൂര്‍ അടക്കമുള്ള മിക്ക ജില്ലകളിലും അടുത്ത ദിവസങ്ങളില്‍ തീവ്രവും അതിതീവ്രവുമായ മഴക്ക് സാധ്യതയുണ്ടെന്നും അടുത്ത ഏതാനും ദിവസങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും സംസ്ഥാന ദുരന്തനിവാരണഅതോറിറ്റി മുന്നറിയിപ്പ് നല്‍കി. ജില്ലയിലെ എല്ലാ ഡാമുകളും അതിന്റെ പരമാവധി ജലനിരപ്പിനോടടുത്തു. ചാലക്കുടിപ്പുഴയിലേക്ക് വെള്ളം ഒഴുകിവരുന്ന തമിഴ്‌നാട്ടിലെ ഷോളയാര്‍, പറമ്പിക്കുളം ഡാമുകള്‍ നിലവില്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ അതിതീവ്രമഴക്കുള്ള സാധ്യത കണക്കിലെടുത്ത്, മലയോരപ്രദേശങ്ങളിലൂടെയുള്ള രാത്രികാലയാത്ര വൈകീട്ട് ഏഴ് മണി മുതല്‍ രാവിലെ ആറ് മണി വരെ താല്‍ക്കാലികമായി നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കൊവിഡ്19, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അവശ്യസര്‍വ്വീസുകളിലെ ജീവനക്കാര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രം പ്രസ്തുത സമയത്ത് യാത്ര ചെയ്യുന്നതിന് ഇളവ് അനുവദിച്ചു.

വയല്‍പ്രദേശം, മലയോരം, പുഴയുടെ തീരം, മണ്ണിടിച്ചില്‍സാധ്യതയുള്ള പ്രദേശങ്ങളായി വിദഗ്ദസമിതി കണ്ടെത്തിയ പ്രദേശങ്ങള്‍ തുടങ്ങിയ ദുരന്തസാധ്യത മേഖലകളില്‍ ഉള്ളവരെ ഉടന്‍തന്നെ മുന്‍കരുതലിന്റെ ഭാഗമായി ബന്ധുവീടുകളിലേക്കോ കോവിഡ് മാനദണ്ഡപ്രകാരമുള്ള ക്യാമ്പുകളിലേക്കോ മാറ്റാനാണ് നിര്‍ദേശം. രാത്രിസമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് മുന്‍കരുതലായി പകല്‍സമയം തന്നെ നിര്‍ബന്ധപൂര്‍വ്വം ആളുകളെ മാറ്റി താമസിപ്പിക്കണം. ലയങ്ങളിലും മറ്റും താമസിക്കുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കമ്പനി മാനേജര്‍മാര്‍ക്ക് അതാത് തഹസില്‍ദാര്‍മാര്‍ നിര്‍ദ്ദേശം നല്‍കണം. പുഴകളില്‍ ഇറങ്ങുന്നതും കുളിക്കുന്നതും മത്സ്യബന്ധനം നടത്തുന്നതും കര്‍ശനമായി വിലക്കി. ഡാമുകളിലെ റൂള്‍ കര്‍വുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഡാമുകളിലെ ജലവിതാനം ഓരോമണിക്കൂറിലും ജില്ലാകണ്‍ട്രോള്‍ റൂമിലേക്ക് അറിയിക്കണം. താലൂക്ക് കണ്‍ട്രോള്‍ റൂമുകളും ജില്ലാകണ്‍ട്രോള്‍ റൂമും 24 മണിക്കൂറും പ്രവര്‍ത്തിക്കണം.

ജില്ലയിലെ മണ്ണെടുപ്പ്, പാറ ഖനനം, മണലെടുപ്പ് എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും ഉത്തരവിട്ടു. മലമ്പുഴ ഡാം തുറന്നിട്ടുള്ള സാഹചര്യത്തില്‍ ചെമ്മണാംകുന്ന് റെഗുലേറ്റര്‍, ചെറുതുരുത്തി ചെക്ക്ഡാം എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ അനുമതിയോടെ നടക്കുന്ന മണലെടുപ്പ് നിര്‍ത്തിവെക്കണം.

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കടലില്‍ ബോട്ടുകള്‍ പോകുന്നില്ലെന്നും പോയ ബോട്ടുകള്‍ തിരികെ വന്നുവെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, അഴീക്കോട്, മുനക്കകടവ് കോസ്റ്റല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ ഉറപ്പ് വരുത്തണം. കടലില്‍ ആളുകള്‍ ഇറങ്ങാതെ നോക്കുന്നതിന് ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ സ്വീകരിക്കണം. കോള്‍പാടങ്ങളിലെ വെള്ളച്ചാലുകളിലെ കുളവാഴ, ചണ്ടി എന്നിവ നീക്കംചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടികള്‍ കെ.എല്‍.ഡി.സി കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയര്‍, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ സ്വീകരിക്കണം. മേല്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരും ലംഘിക്കുവാന്‍ പ്രേരിപ്പിക്കുന്നവരും ദുരന്ത നിവാരണ ആക്റ്റ് 2005 ലെ ചാപ്റ്റര്‍ പത്ത് പ്രകാരമുള്ള ശിക്ഷാ നടപടികള്‍ക്ക് വിധേയരായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

Tags:    

Similar News