നിയമ സഭാ തിരഞ്ഞെടുപ്പ്: പാലാ സീറ്റ് വിട്ടുകൊടുത്തുള്ള ഒത്തുതീര്‍പ്പിനില്ല: മാണി സി കാപ്പന്‍

തനിക്ക് കുട്ടനാടും വേണ്ട മുട്ടനാടും വേണ്ട.താന്‍ പാലാ സീറ്റിലാണ് മല്‍സരിച്ച് വിജയിച്ചത്.പാലായില്‍ നാലു തവണ താന്‍ മല്‍സരിച്ചു. നാലാമത്തെ മല്‍സരത്തിലാണ് വിജയിച്ചത്.ഇത്തരത്തില്‍ പിടിച്ചെടുത്ത സീറ്റ് തോറ്റ പാര്‍ട്ടിക്ക് വിട്ടുകൊടുക്കേണ്ട ഗതികേട് എന്‍സിപിക്കില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി

Update: 2021-01-23 06:03 GMT

കൊച്ചി: പാലാ സീറ്റ് വിട്ടുകൊടുത്തുള്ള ഒത്തു തീര്‍പ്പിനില്ലെന്ന് പാലാ എംഎല്‍എയും എന്‍സിപി നേതാവുമായ മാണി സി കാപ്പന്‍ മാധ്യമങ്ങളോടു പറഞ്ഞു. തനിക്ക് കുട്ടനാടും വേണ്ട മുട്ടനാടും വേണ്ട.താന്‍ പാലാ സീറ്റിലാണ് മല്‍സരിച്ച് വിജയിച്ചത്.അങ്ങനെ മല്‍സരിച്ച് വിജയിച്ച സീറ്റ് തരുവോയെന്ന് ചോദിച്ച് പുറകെ ചെല്ലേണ്ട കാര്യമില്ല.ഇനിയും പാലായില്‍ തന്നെ മല്‍സരിക്കും.പാലായില്‍ നാലു തവണ താന്‍ മല്‍സരിച്ചു. നാലാമത്തെ മല്‍സരത്തിലാണ് വിജയിച്ചത്.ഇത്തരത്തില്‍ പിടിച്ചെടുത്ത സീറ്റ് തോറ്റ പാര്‍ട്ടിക്ക് വിട്ടുകൊടുക്കേണ്ട ഗതികേട് എന്‍സിപിക്കില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

പാലാസീറ്റിനെച്ചൊല്ലി തര്‍ക്കം മുറുകിയിരിക്കന്ന സാഹചര്യത്തിലാണ് മാണി സി കാപ്പന്‍ പാലാ സീറ്റു ജോസ് കെ മാണി വിഭാഗത്തിന്റെ കേരള കോണ്‍ഗ്രസ്(എം)ന്് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയത്. എന്നാല്‍ പാലാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കാന്‍ സിപിഎം തീരുമാനിച്ചുകഴിഞ്ഞുവെന്നാണ് റിപോര്‍ട്. എന്‍സിപിയിലെ മാണി സി കാപ്പന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇത് അംഗീകരിക്കാന്‍ തയ്യാറല്ല. മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടു വന്നാല്‍ പാലായില്‍ യുഡിഎഫ് സീറ്റ് നല്‍കാന്‍ തയ്യാറണെന്ന് പി ജെ ജോസഫ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. യുഡിഎഫിനും ഇതിനോട് അനുകൂല നിലപാടാണുള്ളത്. ഈ സാഹചര്യത്തില്‍ പാലാ സീറ്റ് പിടിച്ചെടുത്ത് ജോസ് കെ മാണിക്ക് സിപിഎം കൊടുത്താല്‍ യുഡിഎഫിനൊപ്പം പോകണമെന്ന് നിലപാടിലാണ് മാണി സി കാപ്പനെ അനുകൂലിക്കുന്നവര്‍.

 പാലാ സീറ്റിന്റെ പേരില്‍ മുന്നണി വിടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് എ കെ ശശീന്ദ്രന്‍ വിഭാഗം.പാലാ സീറ്റിന് പകരം നിലവില്‍ എന്‍സിപിയുടെ പക്കലുള്ള കുട്ടനാട് മാണി സി കാപ്പനെ മല്‍സരിപ്പിച്ച് അനുനയിപ്പിക്കാനുള്ള നീക്കവും ശശീന്ദ്രന്‍ വിഭാഗം നടത്തുന്നുണ്ട്. എന്നാല്‍ താന്‍ കുട്ടനാട്ടില്‍ മല്‍സരിക്കാനില്ലെന്ന ഉറച്ച നിലപാടിലാണ് മാണി സി കാപ്പന്‍. എന്‍സിപി മുതിര്‍ന്ന നേതാവ് ടി പി പീതാംബരന്‍ മാസ്റ്ററും മാണി സി കാപ്പന്റെ നിലപാടിനെയാണ് പിന്തുണയ്ക്കുന്നത്.

പാലാ അടക്കം എന്‍സിപി മല്‍സരിച്ച ഒരു സീറ്റും വിട്ടു നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് ടി പി പീതാംബരന്‍ മാസ്റ്റര്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ എന്‍സിപി ദേശീയ നേതാവ് ശരത് പവാര്‍ കേരളത്തില്‍ എത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റി.ഇതേ തുടര്‍ന്ന്  വിഷയം ശരത് പവാറിനെ നേരില്‍ കണ്ട് ബോധ്യപ്പെടുത്താന്‍ മാണി സി കാപ്പന്‍ ഇന്നോ നാളെയോ മുംബൈയക്ക് പോകുന്നുണ്ടെന്നാണ് വിവരം.മറ്റു നേതാക്കളും ശരത് പവാറിനെ കാണും.

Tags:    

Similar News