എല്‍ഡിഎഫ് നിറഞ്ഞ് കേരള കോണ്‍ഗ്രസ് പാർട്ടികൾ: ഫലമറിയാന്‍ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണം
മധ്യകേരളത്തില്‍ ഒരിക്കലും സിപിഎമ്മിന് വോട്ടു നല്‍കാന്‍ തയ്യാറാകാത്ത ഒരു ജനവിഭാഗത്തിന്റെ വോട്ട് ജോസിലൂടെ മുന്നണിയിലെത്തിക്കാമെന്ന കണക്കു കൂട്ടലിലാണ് സിപിഎമ്മും എല്‍ഡിഎഫും.
തിരുവനന്തപുരം: യുഡിഎഫ് വിട്ടിറങ്ങിയ ജോസ് കെ മാണി പക്ഷം കൂടി എത്തുന്നതോടെ എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ എണ്ണം വീണ്ടും വര്‍ധിച്ചു. സ്‌കറിയാ തോമസ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് വിഭാഗം, ആന്റണി രാജുവും ഡോ.കെ സി ജോസഫും നയിക്കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ്, ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി) എന്നിവയാണ് എല്‍ഡിഎഫില്‍ നിലവിലുള്ള കേരള കോണ്‍ഗ്രസുകള്‍. ഇവര്‍ക്കൊപ്പം ജോസ് കെ മാണി കൂടി എത്തുന്നതോടെ എല്‍ഡിഎഫ് ഘടകകക്ഷികളായ കേരള കോണ്‍ഗ്രസുകളുടെ എണ്ണം നാലായി ഉയരും.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ജേക്കബ് വിഭാഗവും മാത്രമാണ് യുഡിഎഫില്‍ അവശേഷിക്കുന്നത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയിലുമുണ്ട് രണ്ട് കേരള കോണ്‍ഗ്രസുകള്‍. പി സി തോമസ് കേരള കോണ്‍ഗ്രസും കുരുവിള മാത്യുവിന്റെ നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസും പി സി ജോര്‍ജ് കേരള കോണ്‍ഗ്രസ് സെക്യുലര്‍ എന്ന പേരില്‍ കെ എം മാണിയോടും യുഡിഎഫിനോടും വിടപറഞ്ഞ് മറ്റൊരു കേരള കോണ്‍ഗ്രസ് രൂപീകരിച്ചിരുന്നെങ്കിലും അതിന്റെ പേര് കേരള ജനപക്ഷം സെക്യുലര്‍ എന്നാക്കി. ശരീരം കൊണ്ട് കേരള കോണ്‍ഗ്രസല്ലെങ്കിലും പി സി ജോര്‍ജിന്റെ മനസ് കേരള കോണ്‍ഗ്രസിനൊപ്പമാണ്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഎഫിലോ യുഡിഎഫിലോ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ് പി സി ജോര്‍ജ്.1980 മുതല്‍ 81 വരെ ഇ കെ നായനാര്‍ നേതൃത്വം നല്‍കിയ ഇടതുമുന്നണി മന്ത്രിസഭയില്‍ കെ എം മാണി അംഗമായിരുന്നെങ്കിലും രാഷ്ട്രീയ ജീവിതത്തില്‍ ഭൂരിഭാഗവും ഐക്യമുന്നണിക്കൊപ്പമായിരുന്നു കെ എം മാണി. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഎഫിനെ മതേതര മുന്നണിയായി ഉയര്‍ത്തിക്കാട്ടിയാണ് ഇടതു മുന്നണി വന്‍ വിജയം നേടിയത്. അതേസമയം, യുഡിഎഫാകട്ടെ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും എന്‍ഡിപിയും എസ്ആര്‍പിയും എല്ലാം ഉള്‍പ്പെട്ട ജാതിമത മുന്നണിയായി. എന്നാല്‍ 1989ല്‍ മൂവാറ്റുപുഴ പാര്‍ലമെന്റ് സീറ്റിനെ ചൊല്ലി യുഡിഎഫ് വിട്ട പി ജെ ജോസഫിനെ എല്‍ഡിഎഫ് മുന്നണിയിലെടുത്തു. അവര്‍ പള്ളിയെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നായിരുന്നു അന്ന് സിപിഎം നല്‍കിയ വിശദീകരണം. ബാര്‍ കോഴയുടെ പേരില്‍ കേരള നിയമസഭയ്ക്കുള്ളിലും പുറത്തും കെ എം മാണിയെ അഴിമതിക്കാരനെന്ന് മുദ്രകുത്തിയ സിപിഎം, ഒടുവില്‍ അദ്ദേഹത്തിന്റെ മകന്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തെ മുന്നണിയിലേക്ക് ചുവപ്പു പരവതാനി വിരിച്ചു സ്വീകരിക്കുമ്പോള്‍ അതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ എങ്ങനെ പ്രതിരോധിക്കുമെന്നത് കൗതുകകരമായിരിക്കും.
എങ്കിലും മധ്യകേരളത്തില്‍ ഒരിക്കലും സിപിഎമ്മിന് വോട്ടു നല്‍കാന്‍ തയ്യാറാകാത്ത ഒരു ജനവിഭാഗത്തിന്റെ വോട്ട് ജോസിലൂടെ മുന്നണിയിലെത്തിക്കാമെന്ന കണക്കു കൂട്ടലിലാണ് സിപിഎമ്മും എല്‍ഡിഎഫും. ഇത് എത്രമാത്രം ഫലവത്താകുമെന്ന് അറിയാന്‍ തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പു വരെ കാത്തിരിക്കേണ്ടി വരും.