എന്‍എസ്എസ്സിന് ഒറ്റത്താപ്പ്; ഏത് മുഖ്യമന്ത്രി വിചാരിച്ചാലും ആചാരങ്ങള്‍ തകര്‍ക്കാന്‍ അനുവദിക്കില്ല: സുകുമാരന്‍നായര്‍
ആചാരവും അനാചാരവും അറിയാത്തവരാണ് എന്‍എസ്എസ്സിനെ നവോത്ഥാനം പഠിപ്പിക്കാന്‍ വരുന്നത്. കേരളത്തെ ചെകുത്താന്റെ നാടാക്കിമാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കോട്ടയം: വനിതാ മതിലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകമാരന്‍ നായര്‍. അധികാരം കൈയിലുണ്ടെന്നു കരുതി ആചാരങ്ങള്‍ തകര്‍ക്കാന്‍ ഏതു മുഖ്യമന്ത്രി വിചാരിച്ചാലും നടക്കില്ലെന്ന് പെരുന്നയില്‍ മന്നംജയന്തി ആഘോഷച്ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആചാരവും അനാചാരവും അറിയാത്തവരാണ് എന്‍എസ്എസ്സിനെ നവോത്ഥാനം പഠിപ്പിക്കാന്‍ വരുന്നത്. കേരളത്തെ ചെകുത്താന്റെ നാടാക്കിമാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
എന്‍എസ്എസ് അംഗങ്ങള്‍ക്ക് ഏതു രാഷ്ട്രീയനിലപാടും സ്വീകരിക്കാം. സംഘടനയ്ക്കു രാഷ്ട്രീയമില്ല. സംഘടനയ്ക്കുള്ളിലും രാഷ്ട്രീയം അനുവദിക്കില്ല. എന്‍എസ്എസ് സമദൂരപാതയിലാണ് മുന്നോട്ടുപോവുന്നത്. അത് അങ്ങനെയല്ലെന്നു പറയാന്‍ മുഖ്യമന്ത്രിക്ക് എന്തവകാശമെന്ന് സുകുമാരന്‍ നായര്‍ ചോദിച്ചു. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് സംസാരിച്ചത് എല്ലാവര്‍ക്കും വേണ്ടിയാണ്.
എന്‍എസ്എസ് മന്നത്തിന്റെ പാതയിലല്ല മുന്നോട്ടുപോവുന്നതെന്നു പറയാന്‍ മുഖ്യമന്ത്രിക്ക് എന്തുകാര്യം. വനിതാ മതിലിന്റെ കാര്യത്തില്‍ എന്‍എസ്എസ്സിന് ഇരട്ടത്താപ്പല്ല, ഒരു താപ്പേയുള്ളൂ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എത്ര തവണയാണ് നിലപാടു മാറ്റിയത്. ആദ്യം സ്ത്രീ ശാക്തീകരണമാണെന്നു പറഞ്ഞു. ഇപ്പോള്‍ പറയുന്നു, ശബരിമല വിഷയമാണെന്ന്- സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരേ എന്‍എസ്എസ് പ്രമേയവും പാസാക്കി.