കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസ്; ബിഷപ് ഫ്രാങ്കോയ്ക്ക് തിരിച്ചടി; വിചാരണ തുടരാമെന്ന് ഹൈക്കോടതി
കോട്ടയം അഡീഷണല്‍ ജില്ലാ കോടതി നേരത്തെ നിശ്ചയിച്ചതു പോലെ ഒക്ടോബര്‍ 5 ന് തന്നെ ക്രോസ് വിസ്താരം തുടരാമെന്നും കോടതി വ്യക്തമാക്കി. ഫ്രാങ്കോയുടെ ഹരജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു
കൊച്ചി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി ബിഷപ് ഫ്രാങ്കോയ്ക്ക് തിരിച്ചടി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേസിന്റെ വിചാരണ കുറഞ്ഞത് രണ്ടു മാസത്തേക്കെങ്കിലും നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളി. കോട്ടയം അഡീഷണല്‍ ജില്ലാ കോടതി നേരത്തെ നിശ്ചയിച്ചതു പോലെ ഒക്ടോബര്‍ 5 ന് തന്നെ ക്രോസ് വിസ്താരം തുടരാമെന്നും കോടതി വ്യക്തമാക്കി. ഫ്രാങ്കോയുടെ ഹരജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.
പ്രധാന സാക്ഷികള്‍ക്ക് ഭീഷണിയുള്ളതിനാല്‍ വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ സ്‌കീം പ്രകാരം ആംഡ് പോലിസ് സംരക്ഷണയിലാണ് ഇവരെ കോടതിയിലേക്ക് കൊണ്ടു പോകുന്നതും തിരിച്ച് കൊണ്ടു വരുന്നതും. സാക്ഷികള്‍ ഇത്രയേറെ പ്രതിസന്ധിയില്‍ ജീവിക്കുമ്പോള്‍ കേസ് നീട്ടി വക്കുന്നത് ഉചിതമല്ലെന്ന് ഇരയുടെ അഭിഭാഷകന്‍ അഡ്വ. ജോണ്‍ റാല്‍ഫ് കോടതിയില്‍ വാദിച്ചു.ഇരുവിഭാഗത്തിന്റെയും വാദം കേട്ട കോടതി ഹരജി തള്ളുകയായിരുന്നു.പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്‌ളിക് പ്രോസിക്യൂട്ടറായ അഡ്വ. അംബികാദേവി, അഡ്വ ജിതേഷ് ബാബു ഹാജരായി.