സംഘപരിവാര്‍ പ്രദര്‍ശനം തടഞ്ഞ 'ഒരു ചായക്കടക്കാരന്റെ മന്‍കീ ബാത്' ഡോക്യുമെന്ററി യൂ ട്യൂബില്‍ റിലീസ് ചെയ്തു

സംസ്ഥാന സര്‍ക്കാരിന്റെ ഇന്റര്‍നാഷനല്‍ ഡോക്യുമെന്ററി ഫെസ്റ്റില്‍ ഡോക്യൂമെന്റി വിഭാഗത്തില്‍ ഒന്നാംസ്ഥാനം സ്വന്തമാക്കുകയും നിരവധി വിദേശമേളകളിലടക്കം ഒട്ടേറെ അംഗീകാരങ്ങള്‍ വാരിക്കൂട്ടുകയും ചെയ്ത ഡോക്യുമെന്ററിയാണ് 'മന്‍ കി ബാത്'.

Update: 2020-04-20 15:29 GMT

കോഴിക്കോട്: ഡല്‍ഹിയില്‍ സംഘപരിവാര്‍ പ്രദര്‍ശനം തടഞ്ഞ 'ഒരു ചായക്കടക്കാരന്റെ മന്‍കീ ബാത്' ഡോക്യുമെന്ററി യൂ ട്യൂബില്‍ റിലീസ് ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഇന്റര്‍നാഷനല്‍ ഡോക്യുമെന്ററി ഫെസ്റ്റില്‍ ഡോക്യൂമെന്റി വിഭാഗത്തില്‍ ഒന്നാംസ്ഥാനം സ്വന്തമാക്കുകയും നിരവധി വിദേശമേളകളിലടക്കം ഒട്ടേറെ അംഗീകാരങ്ങള്‍ വാരിക്കൂട്ടുകയും ചെയ്ത ഡോക്യുമെന്ററിയാണ് 'മന്‍ കി ബാത്'. സനുകുമ്മിള്‍ സംവിധാനം ചെയ്ത ഈ ദൃശ്യപ്രതിരോധം സാധാരണക്കാരന്റെ സങ്കടങ്ങളാണ് പങ്കുവയ്ക്കുന്നത്. വളരെ ലളിതമായാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്.

നോട്ടറുതി ദുരിതം വിതറിയ നാളുകളില്‍ നീറിപ്പുകഞ്ഞ ലക്ഷക്കണക്കിന് ഇന്ത്യന്‍ സാധാരണക്കാരുടെ പ്രതിനിധിയായ കൊല്ലം കടയ്ക്കല്‍ മുക്കുന്നം സ്വദേശി യഹിയയുടെ ജീവിതമാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. മാധ്യമപ്രവര്‍ത്തകനായ സനു കുമ്മിളിന്റെ ആദ്യഡോക്യൂമെന്ററിയാണ് 'ചായക്കടക്കാരന്റെ മന്‍ കീ ബാത്'. ക്ലോണ്‍ ആള്‍ട്ടര്‍നേറ്റീവിന്റെ പേരില്‍ ഈ ഡോക്യുമെന്ററി ഡല്‍ഹിയില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചത് സംഘപരിവാര്‍ തടഞ്ഞത് നേരത്തെ വിവാദമായിരുന്നു. സംഭവം ദേശീയ മാധ്യമശ്രദ്ധ നേടിയതിനെത്തുടര്‍ന്ന് ഡല്‍ഹി ജേര്‍ണലിസ്റ്റ് യൂനിയന്റെ നേതൃത്വത്തില്‍ പിറ്റേന്ന് പ്രദര്‍ശനം നടത്തിയിരുന്നു.

Tags:    

Similar News