പി ടി തോമസിന്റെ സംസ്‌കാരം ഇന്ന് കൊച്ചിയില്‍; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

Update: 2021-12-23 04:12 GMT

ഇടുക്കി: അന്തരിച്ച കെപിസിസി വര്‍ക്കിങ് പ്രസിഡന്റും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ (71) സംസ്‌കാരം ഇന്ന് നടക്കും. പി ടിയുടെ മൃതദേഹം ഇന്ന് പുലര്‍ച്ചെ നാലരയോടെ ഇടുക്കി ഉപ്പുതോടിലെ തറവാട്ടുവീട്ടിലെത്തിച്ചു. പ്രവര്‍ത്തകരും നാട്ടുകാരും അടക്കം ആയിരക്കണക്കിന് ജനങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലെത്തിയത്. ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. ഉപ്പുതോട്ടിലെ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഇടുക്കി ഡിസിസി ഓഫിസ് വഴി തൊടുപുഴയിലേക്ക് കൊണ്ടുപോയി.

തൊടുപുഴ രാജ്ഭവനില്‍ രാവിലെ ഏഴരയോടെ പൊതുദര്‍ശനം നടത്തും. രാവിലെ ഒമ്പതോടെ കൊച്ചി പാലാരിവട്ടം വയലാശേരി റോഡിലെ വസതിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുശേഷം ഡിസിസി ഓഫിസിലും 1.30 വരെ എറണാകുളം ടൗണ്‍ ഹാളിലും പൊതുദര്‍ശനം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ടൗണ്‍ ഹാളില്‍ ആദരാഞ്ജലിയര്‍പ്പിക്കും. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിക്കുന്ന മൃതദേഹത്തില്‍ പി ടി തോമസിന്റെ പ്രിയ വോട്ടര്‍മാര്‍ യാത്രാമൊഴി നല്‍കും.

സംസ്‌കാരം ഇന്ന് വൈകീട്ട് 5.30ന് പിടിയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി ഔദ്യോഗിക ബഹുമതികളോടെ എറണാകുളം രവിപുരം പൊതുശ്മശാനത്തില്‍. പി ടി തോമസ് പറഞ്ഞത് പ്രകാരം കണ്ണുകള്‍ വെല്ലൂര്‍ സിഎംസി ആശുപത്രിയിലേക്ക് ദാനം ചെയ്തിരുന്നു. കണ്ണുകള്‍ ദാനം ചെയ്യണമെന്നും എറണാകുളം രവിപുരം പൊതുശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കണമെന്നും പി ടി തോമസ് അന്ത്യാഭിലാഷമായി പറഞ്ഞിരുന്നു. ചിതാഭസ്മത്തിന്റെ ഒരു ഭാഗം ഉപ്പുതോടിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം.

മൃതദേഹത്തില്‍ റീത്ത് വയ്ക്കരുത്. അന്ത്യോപചാരസമയത്ത് വയലാറിന്റെ 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം'എന്ന ഗാനം ആലപിക്കണമെന്നും അന്ത്യാഭിലാഷത്തില്‍ രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസമാണ് നട്ടെല്ലിനെ ബാധിച്ച അര്‍ബുദത്തിനുള്ള ചികില്‍സയ്ക്കായി പി ടി തോമസ് വെല്ലൂരിലെ ആശുപത്രിയിലെത്തിയത്. ചികില്‍സയിലിരിക്കെ ഇന്നലെ രാവിലെ 10.15 നായിരുന്നു അന്ത്യം. ഭാര്യ: ഉമ തോമസ് (ആസ്റ്റര്‍ മെഡ്‌സിറ്റി). മക്കള്‍: ഡോ. വിഷ്ണു, വിവേക് (നിയമവിദ്യാര്‍ഥി). മരുമകള്‍: ഡോ. ബിന്ദു.

Tags:    

Similar News