നിലം നികത്തിയുള്ള നിര്‍മാണപ്രവൃത്തികള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം; ഇല്ലെങ്കില്‍ കര്‍ശന നടപടിയെന്ന് കൃഷിമന്ത്രി

Update: 2021-10-06 19:26 GMT

തിരുവനന്തപുരം: നിലം നികത്തിയുള്ള നിര്‍മാണപ്രവൃത്തികള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് കൃഷി മന്ത്രി പി പ്രസാദ്. 2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷമാണ് പലപ്പോഴും ബന്ധപ്പെട്ട കമ്മിറ്റികള്‍ക്കും അധികാരികള്‍ക്കും പരിവര്‍ത്തനാനുമതിക്കുള്ള അപേക്ഷ നല്‍കുന്നത്. ഇതൊഴിവാക്കണമെന്ന് അദ്ദേഹം നിയമസഭില്‍ വ്യക്തമാക്കി. പിറവം നിയോജകമണ്ഡലത്തില്‍ രാമമംഗലം- മണീട് പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് കിഴുമുറികടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിന് വേണ്ടി ഭൂമി രൂപാന്തരപ്പെടുത്തുന്നത് സംബന്ധിച്ച് അനൂപ് ജേക്കബ് എംഎല്‍എ അവതരിപ്പിച്ച സബ്മിഷനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇത് സര്‍ക്കാരിന് വിഷമാവസ്ഥ സൃഷ്ടിക്കുകയും സമ്മര്‍ദത്തിലാക്കുകയും ചെയ്യുമെന്നതിനാല്‍ അത്തരത്തിലുള്ള അനധികൃതവും നിയമവിരുദ്ധമായ പരിവര്‍ത്തനങ്ങള്‍ ആരംഭത്തില്‍തന്നെ തടയുന്നതിനും ഭൂമിയുടെ തരം അതേ നിലയില്‍ സംരക്ഷിക്കുന്നതിനും പ്രത്യേകം ശ്രദ്ധചെലുത്തും. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പ് (23) പ്രകാരമുള്ള നടപടികളും അച്ചടക്ക നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിയമത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ടും വ്യവസ്ഥകള്‍ പാലിച്ചും പാരിസ്ഥിതിക പ്രാധാന്യമുള്ള നെല്‍വയലുകളും തണ്ണീര്‍തടങ്ങളും സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ കര്‍ത്തവ്യമാണ്. അതിനാല്‍, വ്യക്തമായ പരിശോധനയ്ക്കു ശേഷം മാത്രമേ പരിവര്‍ത്തനാനുമതി നല്‍കാന്‍ സാധിക്കുകയുള്ളൂ- മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News