പാലക്കാട് പോലിസ് വേട്ട തുടരുന്നു; പോപുലര്‍ ഫ്രണ്ട്, എസ് ഡിപിഐ നേതാക്കളെ അറസ്റ്റുചെയ്തു
പാലക്കാട്: എസ്‌ഐ സുധീഷ് കുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ യുവാക്കളെ ക്രൂരമര്‍ദ്ദനത്തിനിരയാക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത നടപടിക്കെതിരേ പ്രതിഷേധിച്ചതിന്റെ പേരില്‍ പാലക്കാട്ട് പോലിസ് വേട്ട തുടരുന്നു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം സി എ റഊഫിനെയും എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലിയെയും പോലിസ് അറസ്റ്റുചെയ്തു. എസ്‌ഐയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസവും എസ്ഡിപിഐ നേതാക്കളെ പോലിസ് അറസ്റ്റുചെയ്തിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ചായിരുന്നു പോലിസിന്റെ പ്രതികാരനടപടികള്‍. സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്രകടനം നടത്തുന്നതിന്റെ പേരില്‍ മുസ്‌ലിം യുവാക്കളെ വേട്ടയാടുന്നത് പോലിസിന്റെ വംശീയമനോഭാവമാണ് വെളിപ്പെടുത്തുന്നതെന്ന വിമര്‍ശനം വിവിധ കോണുകളില്‍നിന്ന് ഉയരുന്നുണ്ട്. കഴിഞ്ഞ 24ന് രാത്രിയാണ് കല്‍പ്പാത്തി ശങ്കുവാരമേടില്‍ വീട്ടില്‍നിന്നു പിടിച്ചുകൊണ്ടുപോയ സഹോദരങ്ങളായ ബിലാല്‍(20), അനുജന്‍ അബ്ദുര്‍റഹ്മാന്‍(18) എന്നിവരെ പാലക്കാട് നോര്‍ത്ത് പോലിസ് കസ്റ്റഡിയിലെടുത്ത് ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്.
ആര്‍എസ്എസ് പ്രവര്‍ത്തകനു നേരെയുണ്ടായ അക്രമക്കേസില്‍ പ്രതിയാണെന്നു സംശയമുണ്ടെന്നു പറഞ്ഞ് വീട്ടില്‍ക്കയറി പിടിച്ചുകൊണ്ടുപോയ ശേഷമായിരുന്നു ക്രൂരമര്‍ദ്ദനം. ഇരുവരെയും ബൂട്ടിട്ട് ചവിട്ടുകയും നഗ്നനാക്കി ലിംഗത്തില്‍ ലാത്തികൊണ്ട് അടിക്കുകയും കുരുമുളക് സ്പ്രേ പ്രയോഗിച്ചതായും അബ്ദുര്‍റഹ്മാന്‍ പറഞ്ഞിരുന്നു. രണ്ടു പോലിസുകാര്‍ തുടയ്ക്കു മുകളില്‍ കയറിയിരുന്ന് എസ്‌ഐ കാലിനടിയില്‍ ചൂരല്‍കൊണ്ട് അടിച്ചു. ലിംഗത്തില്‍ ഷോക്കടിപ്പിച്ച് പ്രത്യുല്‍പ്പാദനശേഷി ഇല്ലാതാക്കുമെന്നും നിന്റെയൊക്കെ കൂമ്പ് കലക്കുമെന്നും പോലിസ് പറഞ്ഞു. ആര്‍എസ്എസ്സുകാരെ ആക്രമിച്ചത് എന്തിനാണെന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം.
മുസ് ലിംകള്‍ ഈ നാട്ടില്‍ ജീവിക്കേണ്ടെന്നും നീയൊരു മുസ് ലിം കുഞ്ഞിന് ജന്‍മം കൊടുക്കേണ്ടവനല്ലെന്നും പറഞ്ഞായിരുന്നു പോലിസിന്റെ മര്‍ദ്ദനമെന്നും യുവാക്കള്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കസ്റ്റഡി മര്‍ദനത്തിന് നേതൃത്വം നല്‍കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത എസ്‌ഐയെ സര്‍വീസില്‍നിന്ന് പിരിച്ചുവിടണമെന്നും അറസ്റ്റുചെയ്യണമെന്നുമാവശ്യപ്പെട്ട് വ്യാപകമായി പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് പ്രതികാരനടപടിയുമായി പോലിസ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വയനാട്ടിലും നിസ്സാരപ്രശ്‌നത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത രണ്ടു മുസ്‌ലിം യുവാക്കളെ മണിക്കൂറുകളോളം പോലിസ് ഭീകരമായി മര്‍ദ്ദിച്ചിരുന്നു.