പഞ്ചവാദ്യ കലാകാരന്‍ അന്നമനട പരമേശ്വരമാരാര്‍ അന്തരിച്ചു

2007ല്‍ കേരള സംഗീത നാടക വേദി അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു

Update: 2019-06-12 20:32 GMT

കൊച്ചി: പ്രശസ്ത പഞ്ചവാദ്യ കലാകാരന്‍ അന്നമനട പരമേശ്വരമാരാര്‍ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. കഴിഞ്ഞ അഞ്ചിനാണ് പരമേശ്വരമാരാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് കൊടകരയില്‍ സംസ്‌കരിക്കും. കലാമണ്ഡലത്തില്‍ അധ്യാപകനായിരുന്ന അന്നമനട പരമേശ്വര മാരാര്‍ ഒരു പതിറ്റാണ്ടിലേറെ മഠത്തില്‍വരവ് പഞ്ചവാദ്യത്തിന്റെ മേളപ്രമാണിയായിരുന്നു. സീനിയര്‍ അന്നമട പരമേശ്വര മാരാര്‍ ചിട്ടപ്പെടുത്തിയ 1792 അക്ഷരകാല പഞ്ചവാദ്യത്തെ പുനരാവിഷ്‌കരിച്ചതും അവതരിപ്പിച്ചതും അദ്ദേഹമാണ്. 1952 ജുണ്‍ 6ന് തൃശൂര്‍ അന്നമനട പടിഞ്ഞാറേ മാരേത്ത് കുടുംബത്തില്‍ പോസ്റ്റല്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന രാമന്‍ നായര്‍-പാറുക്കുട്ടി ദമ്പതികളുടെ മകനായി അന്നമനടയിലാണു ജനനം. ചെറുപ്പത്തിലേ തന്നെ അദ്ദേഹം ക്ഷേത്ര കലകളില്‍ അതീവ താല്‍പര്യം പ്രകടിപ്പിച്ചു. കേരളകലാമണ്ഡലത്തില്‍ പഞ്ചവാദ്യം പഠനവിഷയമാക്കിയ അദ്ദേഹം തിമില വാദനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കേരള കലാമണ്ഡലത്തിലെ തിമില പരിശീലനത്തിനുള്ള ആദ്യബാച്ച് വിദ്യാര്‍ഥിയായിരുന്നു. കലാമണ്ഡലത്തില്‍ അരങ്ങേറ്റം കഴിഞ്ഞ ശേഷം പരമേശ്വരമാരാര്‍ പല്ലാവൂര്‍ സഹോദരന്‍മാര്‍ക്കു കീഴില്‍ രണ്ടുവര്‍ഷത്തെ അധിക പരിശീലനവും നേടി. 2003ല്‍ പല്ലാവൂര്‍ കുഞ്ഞുക്കുട്ടന്‍ മാരാരുടെ വിയോഗത്തോടെയാണ് തൃശൂര്‍ പൂരത്തിലെ മഠത്തില്‍വരവ് പഞ്ചവാദ്യത്തിന്റെ പ്രമാണം ലഭിച്ചത്. 1972 മുതല്‍ ത്യശുര്‍ പൂരം മഠത്തില്‍ വരവില്‍ പങ്കെടുത്ത് തുടങ്ങിയ പരമേശ്വരമാരാര്‍ 11 വര്‍ഷത്തോളം മഠത്തില്‍ വരവിന്റെ അമരക്കാരനായിരുന്നു. നെന്മാറ വേല, ഉത്രാളിക്കാവ് വേല തുടങ്ങി പേരെടുത്ത പൂരങ്ങളിലെ തലയെടുപ്പുള്ള സാന്നിധ്യമായിരുന്നു അദ്ദേഹം. ദീര്‍ഘ കാലം ക്ഷേത്ര കലാ അക്കാദമിയുടെ അമരത്തും അദ്ദേഹം പ്രവര്‍ത്തിച്ചു. 2007ല്‍ കേരള സംഗീത നാടക വേദി അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.




Tags:    

Similar News