കൊവിഡ് ബാധിതരുടെ കുടുംബാംഗങ്ങളെ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം; പഞ്ചായത്ത് ഡയറക്ടര്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
പഞ്ചായത്ത്, വാര്‍ഡുതല കമ്മിറ്റികള്‍ പുനസംഘടിപ്പിക്കാത്ത പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരെ നര്‍ശനനടപടി
തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ കുടുംബാംഗങ്ങളെ കര്‍ശനമായി ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പഞ്ചായത്ത് ഡയറക്ടര്‍. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലങ്ങളില്‍ കൊവിഡ് രോഗിയെ ആശുപത്രിയിലോ സിഎഫ്എല്‍ടിയിലോ പ്രവേശിപ്പിക്കണം. പഞ്ചായത്ത്, വാര്‍ഡുതല കമ്മിറ്റികള്‍ അടിയന്തരമായി പുനസംഘടിപ്പിക്കാത്ത പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരെ നര്‍ശനനടപടിയുണ്ടാകുമെന്നും പഞ്ചായത്ത് ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി. പഞ്ചായത്ത്, വാര്‍ഡുതല കമ്മിറ്റികള്‍ക്കാണ് നിയന്ത്രണങ്ങളും നടപടികളും നടപ്പാക്കുന്നതിനുള്ള ചുമതല. അതിനാല്‍ അടിയന്തരമായി ഈ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പഞ്ചായത്ത് ഡയറക്ടര്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ഒരു പ്രദേശത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടുതലാണെങ്കില്‍ കണ്ടെയ്ന്‍മെന്റ്, മൈക്രോ കണ്ടെയ്ന്‍മെന്റ് നടപടികള്‍ സ്വീകരിക്കണം.
രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ ജിയോമാപ്പിങ് നടത്തണം. വിവാഹത്തിലും മരണാനന്തരചടങ്ങുകളിലും മറ്റ് ഒത്തുചേരലുകളിലും അനുവദനീയമായ എണ്ണം ആളുകള്‍ മാത്രമേ പങ്കെടുക്കുന്നുള്ളുവെന്ന് ഉറപ്പാക്കണം. മാളുകള്‍, സിനിമ തിയറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍, ചന്തകള്‍ എന്നിവിടങ്ങളില്‍ ബ്രേക്ക് ദി ചെയിന്‍ പ്രോട്ടോക്കോള്‍ ഉറപ്പാക്കുക. വയോജനങ്ങള്‍, ജീവിതശൈലീ രോഗങ്ങളുള്ളവര്‍, ഭിന്നശേഷിക്കാര്‍, സാന്ത്വന ചികിത്സയിലുള്ളവര്‍, തീരദേശവാസികള്‍, ചേരിപ്രദേശങ്ങളില്‍ കഴിയുന്നവര്‍, കെയര്‍ ഹോമിലെ അന്തേവാസികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാന്‍ മുന്‍ഗണന.