ചികിൽസ കിട്ടാത്തതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം; പോലിസ് അന്വേഷണം ആരംഭിച്ചു
കോട്ടയം മെഡിക്കല്‍ കോളജ്, കാരിത്താസ്, മാതാ ആശുപത്രി അധികൃതരില്‍ നിന്നും അടുത്ത ദിവസം മൊഴിയെടുക്കും. മൂന്ന് ആശുപത്രികളില്‍ നിന്നു സിസിടിവി ദൃശ്യങ്ങള്‍ പോലിസ് ശേഖരിച്ചു.
കോട്ടയം: ചികിൽസ കിട്ടാത്തതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതിനൊപ്പം മരണപ്പെട്ട കട്ടപ്പന സ്വരാജ് കുമ്പളത്താനത്ത് ജേക്കബ് തോമസിന്റെ മകളായ റെനിയില്‍ നിന്നു കോട്ടയം ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍ മൊഴിയെടുക്കുകയും ചെയ്തു. ആശുപത്രി പിആര്‍ഒ, അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ എന്നിവരോടു രോഗിയുടെ അവസ്ഥ ബോധ്യപ്പെടുത്തിയതായും എന്നാല്‍ ഇവിടെനിന്നു വേണ്ട ചികിത്സ കിട്ടിയില്ലന്നും റെനി വ്യക്തമാക്കി.
കോട്ടയം മെഡിക്കല്‍ കോളജ്, കാരിത്താസ്, മാതാ ആശുപത്രി അധികൃതരില്‍ നിന്നും അടുത്ത ദിവസം മൊഴിയെടുക്കും. മൂന്ന് ആശുപത്രികളില്‍ നിന്നു സിസിടിവി ദൃശ്യങ്ങള്‍ പോലിസ് ശേഖരിച്ചു. ആശുപത്രി ജീവനക്കാര്‍ക്കു പിഴവു പറ്റിയിട്ടില്ലെന്നു കാണിച്ച് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.ടി കെ ജയകുമാര്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണു ജീവനക്കാര്‍ തെറ്റു പറ്റിയിട്ടില്ലെന്നു തീരുമാനത്തില്‍ സൂപ്രണ്ട് എത്തിയത്.
ഉച്ചയ്ക്ക് 2.23നു ജേക്കബ് തോമസുമായി ബന്ധുക്കള്‍ മെഡിക്കല്‍ കോളജില്‍ എത്തിയതെന്നു സിസിടിവിയില്‍ കാണുന്നുണ്ട്. 2.24ന് 2 ജീവനക്കാര്‍ ആംബുലന്‍സിന്റെ അടുത്ത് എത്തി. തുടര്‍ന്ന് ആശുപത്രി അധികൃതരുമായി സംസാരിക്കുന്നു. 2.40നു ആശുപത്രിയില്‍ നിന്നു പുറത്തേക്കു ആംബുലന്‍സ് പോയി. എച്ച്1എന്‍1ന്റെ ലക്ഷണം ഉള്ളതിനാല്‍ നിപ്പ ബാധിതരെ പ്രവേശിപ്പിക്കാന്‍ സജ്ജമാക്കിയ വാര്‍ഡിലേക്കു രോഗിയെ മാറ്റാന്‍ നിര്‍ദേശിച്ചതായി ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായും സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.