രോഗി മരിച്ച വിവരം യഥാസമയം ബന്ധുക്കളെ അറിയിച്ചില്ല; ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ നീക്കി

Update: 2021-08-18 18:15 GMT

ആലപ്പുഴ: വണ്ടാനം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെതിരേ മാറ്റി. ഡോ.രാം ലാലിനെ സൂപ്രണ്ട് സ്ഥാനത്തുനിന്ന് നീക്കി. രോഗികളുടെ മരണവിവരം യഥാസമയം ബന്ധുക്കളെ അറിയിച്ചില്ലെന്ന ആരോപണത്തിലാണ് നടപടി. ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പുതിയ സൂപ്രണ്ടായി ഡോ. സജീവ് ജോര്‍ജ് പുളിക്കലിനെ നിയമിച്ച് ഉത്തരവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തര റിപോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ആശുപത്രി അധികൃതര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായതായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ റിപോര്‍ട്ടില്‍ പറയുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ച രോഗി മരിച്ചവിവരമറിഞ്ഞത് നാലുദിവസത്തിന് ശേഷമാണെന്നായിരുന്നു ബന്ധുക്കളുടെ പരാതി. ചെങ്ങന്നൂര്‍ പെരിങ്ങാല സ്വദേശി തങ്കപ്പന്റെ മരണത്തിലാണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്തുവന്നത്. ഈ മാസം ഏഴിനാണ് തങ്കപ്പന്‍, ഭാര്യ ചന്ദ്രികയോടൊപ്പം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്.

ഭാര്യയ്ക്ക് കൂട്ടിരിക്കാനെത്തിയ തങ്കപ്പന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ആരോഗ്യനില വഷളായതിനാല്‍ അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഒരു വിവരവും ബന്ധുക്കള്‍ക്ക് ലഭിച്ചില്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഐസിയുവിലെത്തി നേരിട്ട് അന്വേഷിച്ചപ്പോഴാണ് നാലുദിവസം മുമ്പ് മരണം സംഭവിച്ചതായും മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയതായും അറിഞ്ഞതെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവം വിവാദമായതിനെത്തുടര്‍ന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ജില്ലാ മെഡിക്കല്‍ ഓഫിസറോട് റിപോര്‍ട്ട് തേടിയത്.

Tags:    

Similar News