ഇടുക്കിയിലെ അര്‍ഹരായ പാവപ്പെട്ടവര്‍ക്കെല്ലാം പട്ടയം: റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍
ഇതുവരെ ഇടുക്കി ജില്ലയില്‍ 28,000 ലേറെ പട്ടയങ്ങള്‍ വിതരണം ചെയ്തു. ഇതിലൂടെ ഒന്നര ലക്ഷം പേരുടെയെങ്കിലും ജീവിത പ്രശ്നങ്ങളാണ് പരിഹരിക്കപ്പെട്ടത്. ശേഷിക്കുന്ന 20000 പേര്‍ക്കു കൂടി പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഇടുക്കി: ജില്ലയില്‍ പട്ടയത്തിന്റെ കാര്യത്തില്‍ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടെ വികാരമാണ് സര്‍ക്കാര്‍ ഉള്‍ക്കൊണ്ടതെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ജില്ലയില്‍ വിവിധ താലൂക്കുകളിലായി 1064 പട്ടയങ്ങളുടെ വിതരണം തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പെരിങ്ങാശേരി ഇലവുംതടത്തില്‍ കുമാരി ശിവരാമന്‍ ആദ്യപട്ടയം മന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. ഇതുവരെ ഇടുക്കി ജില്ലയില്‍ 28,000 ലേറെ പട്ടയങ്ങള്‍ വിതരണം ചെയ്തു. ഇതിലൂടെ ഒന്നര ലക്ഷം പേരുടെയെങ്കിലും ജീവിത പ്രശ്നങ്ങളാണ് പരിഹരിക്കപ്പെട്ടത്. ശേഷിക്കുന്ന 20000 പേര്‍ക്കു കൂടി പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഇതിനായി ജില്ലാ ഭരണതലത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു. മുന്‍സര്‍ക്കാരുകള്‍ക്കു സാധിക്കാതിരുന്നതാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മൂന്നുതലമുറകളായി പട്ടയത്തിനായി ശ്രമിച്ചുകൊണ്ടിരുന്നവര്‍ക്ക് ഇപ്പോള്‍ അത് യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്നു. 1977 ജനുവരി ഒന്നിനു മുമ്പു കുടിയേറിയവര്‍ക്കാണ് പട്ടയം നല്‍കുന്നത്. റവന്യൂ, വനം വകുപ്പുകളുടെ സംയുക്തപരിശോധനയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന കാരണത്താല്‍ ഒഴിവാക്കപ്പെട്ട പാവപ്പെട്ടവര്‍ക്കുകൂടി പട്ടയം നല്‍കാനായിരുന്നു തീരുമാനം. ഇക്കാര്യത്തില്‍ ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ വഹിച്ച പങ്ക് നിസ്തുലമാണെന്ന് മന്ത്രി പറഞ്ഞു.
കഞ്ഞിക്കുഴി വില്ലേജിലെ വാഴത്തോപ്പില്‍ 2,000 പട്ടയം ഒക്ടോബര്‍ അവസാനം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഭൂവിഷയവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഒട്ടേറെ പ്രശ്നങ്ങള്‍ ഈ സര്‍ക്കാര്‍ പരിഹരിച്ചുവരികയാണ്. ഉപാധിരഹിത പട്ടയമെന്നത് ഇതിനുദാഹരണമാണ്. ബാങ്ക് വായ്പ ഉള്‍പ്പെടെ ലഭിക്കുന്നതിനു ഇതു സഹായകമാകും. 50 വര്‍ഷങ്ങള്‍കൊണ്ട് നടക്കാത്ത കാര്യമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത്. സങ്കീര്‍ണപ്രശ്നങ്ങളുടെ പേരിലുള്ള തടസങ്ങള്‍ നീക്കാനാണ് സര്‍ക്കാര്‍ ശ്രമം. കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ക്ക് എല്ലാ അധികാരവും നല്‍കിയിട്ടുണ്ട്. ചടങ്ങില്‍ ഉദ്ഘാടനമെന്ന നിലയില്‍ വില്ലേജുകളിലെ 20 പേര്‍ക്കും മുനിസിപ്പല്‍ അതിര്‍ത്തിയിലെ 39 പേര്‍ക്കും പട്ടയം വിതരണം ചെയ്തു.
യോഗത്തില്‍ വൈദ്യുതി മന്ത്രി എം എം മണി അധ്യക്ഷനായിരുന്നു. ജില്ലയില്‍ അര്‍ഹതയുള്ള എല്ലാവര്‍ക്കും പട്ടയം നല്‍കുമെന്ന് മന്ത്രി എം എം മണി പറഞ്ഞു. കുടിയേറ്റ ജനതയ്ക്ക് മുമ്പ് ലഭിക്കാത്ത നീതിയാണ് ഈ സര്‍ക്കാര്‍ നല്‍കുന്നത്. ഇ എം എസ് സര്‍ക്കാരിന്റെ കാലത്താണ് സമഗ്ര ഭൂപരിഷ്‌കരണത്തിന് തുടക്കമിട്ടത് പിന്നീട് കെ ടി ജേക്കബ് റവന്യൂ മന്ത്രിയായപ്പോള്‍ യഥാര്‍ഥ പട്ടയങ്ങള്‍ വിതരണം ചെയ്തു. പട്ടയത്തിന്റെ കാര്യത്തില്‍ മുന്‍ സര്‍ക്കാരുകള്‍ നിബന്ധനകള്‍ വച്ചിരുന്നുവെങ്കിലും ഈ സര്‍ക്കാര്‍ അതെല്ലാം ഒഴിവാക്കി. പാവപ്പെട്ടവര്‍ക്കു പട്ടയം നല്‍കുന്നതില്‍ സര്‍ക്കാരിനു വളരെ സന്തോഷമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.