പയ്യന്നൂര്‍ സുനീഷയുടെ ആത്മഹത്യ; ഭര്‍ത്താവിന്റെ മാതാപിതാക്കളെയും പ്രതിചേര്‍ത്തു
കണ്ണൂര്‍: ഭര്‍തൃവീട്ടിലെ പീഡനത്തെത്തുടര്‍ന്ന് പയ്യന്നൂര്‍ സ്വദേശി സുനീഷ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെയും പ്രതിചേര്‍ത്തു. വിജീഷന്റെ അച്ഛന്‍ രവീന്ദ്രന്‍, അമ്മ പൊന്നു എന്നിവര്‍ക്കെതിരേയാണ് ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ഭര്‍ത്താവിന്റെ വീട്ടിലെ പീഡനം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മാതാപിതാക്കളെ കൂടി പ്രതി ചേര്‍ത്തത്. കേസില്‍ പ്രതി ചേര്‍ത്തെങ്കിലും ഇരുവരെയും ഇപ്പോള്‍ അറസ്റ്റ് ചെയ്യില്ല.
വിജീഷിന്റെ അമ്മ കൊവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. അച്ഛന്‍ വീട്ടില്‍ ക്വാറന്റൈനിലും. വിജീഷിന്റെ അറസ്റ്റ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം 29നാണ് വെള്ളൂര്‍ ചേനോത്തെ വിജീഷിന്റെ ഭാര്യ സുനീഷയെ (26) വെള്ളൂരിലെ ഭര്‍തൃവീട്ടില്‍ കുളിമുറിയില്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. സുനീഷ മരിക്കുന്നതിന് മുമ്പ് ഭര്‍ത്താവിന് വീഡിയോകോള്‍ ചെയ്തതായി ബന്ധുക്കള്‍ പറയുന്നു. ഒന്നര വര്‍ഷം മുമ്പാണ് സുനീഷയുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു.
മകളെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നതായി കാണിച്ച് സുനീഷയുടെ മാതാവ് കഴിഞ്ഞ മാസം അഞ്ചിന് പയ്യന്നൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. പോലിസ് ഇവരെ വിളിപ്പിച്ച് പ്രശ്‌നം ഒത്തുതീര്‍ത്ത് പറഞ്ഞയക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഭര്‍തൃവീട്ടില്‍ വീണ്ടും ശാരീരിക പീഡനവും മറ്റും തുടരുകയായിരുന്നുവെന്നാണ് സുനീഷയുടെ വീട്ടുകാരുടെ പരാതി. തന്നെ കൂട്ടിക്കൊണ്ടുപോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാവില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞുപറയുന്ന ശബ്ദരേഖയും ഭര്‍തൃവീട്ടുകാരുടെ മര്‍ദ്ദനവിവരത്തെക്കുറിച്ച് പറയുന്ന ശബ്ദരേഖയുമാണ് പുറത്തുവന്നത്.