വികസന പദ്ധതികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ജനം ഒറ്റപ്പെടുത്തും: കോടിയേരി ബാലകൃഷ്ണന്‍

ഒരു സര്‍വേക്കല്ല് എടുത്തു മാറ്റിയത്‌കൊണ്ട് മാത്രം പദ്ധതി ഇല്ലാതാകില്ലെന്നും കോടിയേരി വ്യക്തമാക്കി

Update: 2022-01-05 05:51 GMT

കണ്ണൂര്‍: വികസന പദ്ധതികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ജനം ഒറ്റപ്പെടുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂര്‍ മാടായിപ്പാറയില്‍ കെ റെയിലിന്റെ സര്‍വേക്കല്ലുകള്‍ പിഴുതു മാറ്റിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വികസനത്തെ തടസപ്പടുത്തുന്നവരെ ജനം ഒറ്റപ്പെടുത്തും. ഇത്തരം നടപടികളില്‍ നിന്നും യുഡിഎഫ് പിന്തിരിയണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

സര്‍വേ കല്ലുകള്‍ പിഴുതു മാറ്റിയാല്‍ കേരളത്തില്‍ പദ്ധതി ഇല്ലാതാവില്ല. കോണ്‍ഗ്രസിന്റേത് വീരസ്യം പറച്ചില്‍ മാത്രമാണെന്നും, യുദ്ധം ചെയ്യാനുള്ള കെല്‍പ്പൊന്നും കേരളത്തിലെ കോണ്‍ഗ്രസിനില്ലെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസുകാര്‍ മാത്രമാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും പദ്ധതിക്കനുകൂലമാണെന്നും ഇത്തരത്തില്‍ പദ്ധതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ ഒറ്റപ്പെടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ഒരു സര്‍വേക്കല്ല് എടുത്തു മാറ്റിയത്‌കൊണ്ട് മാത്രം പദ്ധതി ഇല്ലാതാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ റെയില്‍ പദ്ധതിക്കെതിരായ സമരം ശക്തമാക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജനങ്ങളോട് ഒരു ബാധ്യതയുമില്ലാതെയാണ് മുഖ്യമന്ത്രി സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നും, പിണറായി വിജയന്‍ വാശി തുടര്‍ന്നാല്‍ യുദ്ധസമാനമായ സന്നാഹവുമായി പ്രതിപക്ഷം മുന്നോട്ട് പോകുമെന്നും കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. കോടതി വിധി പോലും മാനിക്കാതെ സ്ഥാപിച്ച കെ റെയില്‍ കല്ലുകള്‍ പിഴുതെറിയുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags:    

Similar News