പെട്ടിമുടി ദുരന്തം: പുറംലോകത്തെ അറിയിക്കുന്നതില്‍ വീഴ്ച; അന്വേഷിക്കാൻ പ്രത്യേകസംഘം

ദുരന്തം ജില്ലാഅധികൃതരെ അറിയിക്കുന്നതിൽ ഗുരുതരമായ വീഴ്ച വന്നുവെന്നും വാർത്താവിനിമയ സംവിധാനങ്ങളുടെ പിഴവുണ്ടായി എന്നുമുള്ള ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ വിശദമായി പരിശോധിക്കാനാണ് നിർദേശം.

Update: 2020-09-12 10:45 GMT

തിരുവനന്തപുരം: പെട്ടിമുടി ദുരന്തം പുറംലോകത്തെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയ സംഭവം അന്വേഷിക്കാൻ ഉത്തരവ്. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻ(കെഡിഎച്ച്പി) അധികൃതരുടെ ഭാഗത്തുനിന്നാണ് വീഴ്ചയുണ്ടായത്. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് സംസ്ഥാന ദുരന്ത നിവാരണ കമ്മീഷണർ എ കൗശികനെ ചുമതലപ്പെടുത്തി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ഉത്തരവിട്ടു.

ആവശ്യമായ വിദഗ്ദ്ധരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്താനും റവന്യൂ മന്ത്രി റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ജയതിലകിന് നിർദ്ദേശം നൽകി. പെട്ടിമുടി ദുരന്തം പുറംലോകത്തെ അറിയിക്കുന്നതിൽ വീഴ്ച വന്നോയെന്ന കാര്യം പരിശോധിക്കണമെന്ന പ്രത്യേക ദൗത്യസംഘത്തിന്റെ റിപ്പോർട്ടിലെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദുരന്തം ജില്ലാഅധികൃതരെ അറിയിക്കുന്നതിൽ ഗുരുതരമായ വീഴ്ച വന്നുവെന്നും വാർത്താവിനിമയ സംവിധാനങ്ങളുടെ പിഴവുണ്ടായി എന്നുമുള്ള ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ വിശദമായി പരിശോധിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

ഇടുക്കി ജില്ലാ കലക്ടറുടെ നിർദേശപ്രകാരം നടത്തിയ പ്രത്യേക ദൗത്യസംഘത്തിന്റെ റിപ്പോർട്ടാണ് കലക്ടർക്ക് സമർപ്പിച്ചിരുന്നത്. ആഗസ്ത് ആറിന് രാത്രി നടന്ന ദുരന്തം 12 മണിക്കൂർ വൈകിയാണ് പുറം ലോകമറിയുന്നത്. അതിനാൽ രക്ഷാപ്രവർത്തനം ഏറെ വൈകിയെന്നും ഒട്ടേറെ ജീവഹാനി സംഭവിച്ചെന്നുമുള്ള പരാമർശങ്ങളടങ്ങിയ അന്വേഷണ റിപ്പോർട്ടാണ് സമർപ്പിക്കപ്പെട്ടത്. രാത്രിയിൽ നടന്ന ദുരന്തത്തെ കുറിച്ച് കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനി ഫീൽഡ് ഓഫീസറെ അറിയിച്ചിരുന്നുവെന്നാണ് വിവരം. സമയബന്ധിതമായി അന്വേഷ റിപ്പോർട്ട് സമർപിക്കണമെന്നും മന്ത്രി നിർദേശം നൽകി. 

Tags:    

Similar News