ഡാനീഷ് സിദ്ദിഖി അനുസ്മരണം നടത്തി

ചലച്ചിത്രസംവിധായകനും നടനുമായ മധുപാല്‍ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു.

Update: 2021-07-19 04:47 GMT

കൊച്ചി:റോയിട്ടേഴ്‌സ് ഫോട്ടോ ചീഫ് ജേര്‍ണലിസ്റ്റും പുലിസ്റ്റര്‍ പുരസ്‌കാര ജേതാവുമായ ദാനിഷ് സിദ്ദീഖിയുടെ അകാലവേര്‍പാടില്‍ അനുശോചിച്ച് അനുസ്മരണ സംഗമം നടത്തി.പ്രണത ബുക്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണത്തിന് സാമൂഹിക മാധ്യമമായ ക്ലബ് ഹൗസ് ആപ്പ് ആണ് വേദിയായത്. ചലച്ചിത്രസംവിധായകനും നടനുമായ മധുപാല്‍ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു.

റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ ജീവിതം , കൊവിഡുകാലത്തെ തൊഴിലാളികളുടെ കാല്‍നടയാത്ര, ഡല്‍ഹി സമരചിത്രങ്ങള്‍ തുടങ്ങി ഡാനിഷ് പകര്‍ത്തിയെടുത്ത ചിത്രങ്ങള്‍ വാര്‍ത്തയുടെ സത്യം വെളുപ്പെടുത്തുന്നതായിരുന്നു. ഡാനിഷിന്റെ കണ്ണുകള്‍ രാഷ്ട്രീയ സാമൂഹികസാഹചര്യങ്ങള്‍ക്ക് നേരെ നിര്‍ഭയം തുറന്നിരുന്നവയായിരുന്നുവെന്നും മധുപാല്‍ അനുസ്മരിച്ചു. 2019ല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തില്‍ പകര്‍ത്തിയ ചിത്രം, കൊറോണ ബാധിച്ചു മരിച്ചവരുടെ മൃതശരീരങ്ങള്‍ കൂട്ടമായി കത്തിച്ചു കളയുന്നതിന്റെ ചിത്രം മുതലായവ പകര്‍ത്തുന്നതില്‍ അദ്ദേഹം പുലര്‍ത്തിയ നിര്‍ഭയജാഗ്രത യോഗത്തില്‍ അനുസ്മരിക്കപ്പെട്ടു.

പൊതുപ്രവര്‍ത്തകനും പ്രസാധകനുമായ ഷാജി ജോര്‍ജ് പ്രണത, റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ ശിവറാം, സനീഷ് സാക്കാ (ഫോട്ടോഗ്രാഫര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ) ഇ വി ശ്രീകുമാര്‍ (ഫോട്ടോ എഡിറ്റര്‍ മലയാള മനോരമ), കെ എ സൈഫുദീന്‍ (സീനിയര്‍ സബ് എഡിറ്റര്‍ മാധ്യമം കോഴിക്കോട്), നിര്‍മ്മല്‍ ഹരീന്ദ്രന്‍(ചീഫ് ഫോട്ടോഗ്രാഫര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മുംബൈ) ജോസുകുട്ടി പനക്കല്‍ (ചീഫ് ഫോട്ടോഗ്രാഫര്‍ മലയാള മനോരമ)്യുജിപ്‌സണ്‍ സിക്കേര (സ്‌പെഷ്യല്‍ ഫോട്ടോഗ്രാഫര്‍ ടൈംസ് ഓഫ് ഇന്ത്യ) , രാഹുല്‍ പട്ടം ( ഫോട്ടോഗ്രാഫര്‍ മലയാള മനോരമ ഡല്‍ഹി), അരുണ്‍ ചുള്ളിക്കല്‍ (സാമൂഹിക മാധ്യമവിദഗ്ധന്‍) സംസാരിച്ചു.

Tags:    

Similar News