പിണറായി വിജയന്‍ മലേസ്യന്‍ പ്രധാനമന്ത്രിയുടെ സഹോദരനോ?
പിണറായി മഹാതീര്‍ മുഹമ്മദിന്റെ സഹോദരനാണ് എന്നവകാശപ്പെടുന്ന ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് 1700ലേറെ തവണയാണ് ഷെയര്‍ ചെയ്യപ്പെട്ടത്.
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയനും മലേസ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദും തമ്മിലെന്താണ് ബന്ധം. ചോദ്യം മണ്ടത്തരമാണെന്ന് തോന്നാമെങ്കിലും ബന്ധമുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ചെറിയ ബന്ധമൊന്നുമല്ല, ഇരുവരും സഹോദരന്മാരാണത്രെ. പിണറായി മഹാതീര്‍ മുഹമ്മദിന്റെ സഹോദരനാണ് എന്നവകാശപ്പെടുന്ന ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് 1700ലേറെ തവണയാണ് ഷെയര്‍ ചെയ്യപ്പെട്ടത്.
''ഇത് നമ്മുടെ പ്രധാനമന്ത്രിയുടെ ഇളയ സഹോദരന്‍. അദ്ദേഹം ഇപ്പോള്‍ ഇന്ത്യയിലെ കേരളത്തിലാണ്''- എന്ന അടിക്കുറിപ്പോട് കൂടിയാണ് ഫോട്ടോ പ്രചരിക്കുന്നത്. മലേസ്യന്‍ ഭാഷയിലുള്ള പോസ്റ്റ് മലേസ്യയിലും ഇന്തോനീസ്യയിലുമൊക്കെയാണ് വ്യാപകമായി പ്രചരിക്കുന്നത്. ചെന്നൈയില്‍ മക്കള്‍ നീതിമയ്യം സ്ഥാപകന്‍ നടന്‍ കമല്‍ ഹാസനോടൊത്ത് പിണറായി നില്‍ക്കുന്ന ഫോട്ടോയാണ് ഇതിന് വേണ്ടി ഉപയോഗിച്ചിട്ടുള്ളത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി വിഷയം വസ്തുതാ പരിശോധന നടത്തുകയും ചെയ്തു. മഹാതീര്‍ മുഹമ്മദ് തന്റെ കുടുംബത്തില്‍ ഏറ്റവും ഇളയവനാണെന്ന് എഎഫ്പി റിപോര്‍ട്ടില്‍ പറയുന്നു. മഹാതീറിന്റെ ഇന്ത്യന്‍ പൈതൃകം സംബന്ധിച്ച് നേരത്തേയും വിവാദമുണ്ടായിരുന്നു. മഹാതീറിന്റെ പിതാവ് ഇസ്‌കന്തര്‍ കുട്ടി ഇന്ത്യക്കാരനാണെന്നാണ് രാഷ്ട്രീയ എതിരാളികള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, മഹാതീറിന്റെ മകള്‍ മാരിന മഹാതീര്‍ ഇക്കാര്യം നിഷേധിക്കുന്നു. ഇസ്‌കന്തര്‍ യഥാര്‍ത്ഥത്തില്‍ മഹാതീറിന്റെ മുതുമുത്തഛനാണെന്നും അദ്ദേഹം പിന്നീട് പ്രമുഖ മലായ് കുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു.
പുതിയ പ്രചാരണത്തിന് പിന്നില്‍ മഹാതീര്‍ മുഹമ്മദിന്റെ രാഷ്ട്രീയ എതിരാളികളാണോ അതോ ആരുടെയെങ്കിലും കുസൃതിയാണോ എന്ന കാര്യം വ്യക്തമല്ല. മഹാതീറിന്റെയും പിണറായി വിജയന്റെയും ചിത്രങ്ങള്‍ തമ്മിലുള്ള അദ്ഭുതകരമായ സാദൃശ്യമാണ് ഈ പ്രചാരണം വൈറലാകാന്‍ കാരണമായത്.