ഫുള്‍ എ പ്ലസ് ഉണ്ടായിട്ടും പ്രവേശനമില്ല; വിദ്യാഭ്യാസ മന്ത്രിയുടെ എഫ്ബി പോസ്റ്റില്‍ പരാതിപ്രളയം

പ്ലസ് വണ്‍ പ്രേവശനം സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം മന്ത്രി ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു കീഴിലാണ് ഏറ്റവും കൂടുതല്‍ കമന്റുകളുള്ളത്.

Update: 2021-10-07 10:31 GMT

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് അടിയില്‍ കമന്റുകളുടെ പ്രവാഹം. അര്‍ഹതയുണ്ടായിട്ടും ആഗ്രഹിച്ച വിഷയവും സ്‌കൂളും കിട്ടിയില്ലെന്നാരോപിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ഫേസ്ബുക്ക് പോസ്റ്റിനു കീഴില്‍ പരാതി പ്രളയം തീര്‍ക്കുന്നത്.

പ്ലസ് വണ്‍ പ്രേവശനം സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം മന്ത്രി ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു കീഴിലാണ് ഏറ്റവും കൂടുതല്‍ കമന്റുകളുള്ളത്. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിട്ടും ആഗ്രഹിച്ച സീറ്റില്‍ പ്രവേശം ലഭിച്ചില്ലെന്ന് ആരോപിച്ച് നിരവധി രക്ഷിതാക്കളാണ് പരാതിയുമായെത്തിയിരിക്കുന്നത്. സപ്ലിമെന്ററി അലോട്ട്മെന്റ് മാത്രം അവശേഷിക്കേ വന്‍തുക മുടക്കി മാനേജ്മെന്റ്, അണ്‍എയ്ഡഡ് സീറ്റുകളിലും മറ്റും പ്രവേശനം നേടേണ്ട സ്ഥിതിയാണെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.

പഠിച്ച് പരീക്ഷയെഴുതി മികച്ച രീതിയില്‍ പാസ്സായിട്ടും താല്‍പര്യമുള്ള വിഷയം പഠിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്നും അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്കെല്ലാം പഠിക്കാന്‍ അവസരമൊരുക്കണമെന്നുമാണ് പൊതുവേ ഉയരുന്ന ആവശ്യം. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ചുള്ള പരാതികളും നിരവധി പേര്‍ ഉന്നയിക്കുന്നുണ്ട്.

Similar News