കിസാന്‍നിധി: തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേരളത്തിന് നൽകിയത് 360 കോടി

വര്‍ഷത്തില്‍ മൂന്ന് ഘട്ടങ്ങളായി 6000 രൂപ നല്‍കാനുള്ള പദ്ധതിയിലേക്ക് കേരളത്തില്‍ നിന്ന് അപേക്ഷിച്ചത് 28 ലക്ഷം പേരാണ്. എന്നാല്‍ പദ്ധതിയില്‍ സംസ്ഥാന ബിജെപിക്ക് കാര്യമായ നേട്ടമൊന്നുമുണ്ടായില്ല.

Update: 2019-05-30 06:42 GMT

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ഷകര്‍ക്കുള്ള കിസാന്‍ നിധിയിലൂടെ സംസ്ഥാനത്ത് വിതരണം ചെയ്തത് 360 കോടി. വര്‍ഷത്തില്‍ മൂന്ന് ഘട്ടങ്ങളായി 6000 രൂപ നല്‍കാനുള്ള പദ്ധതിയിലേക്ക് കേരളത്തില്‍ നിന്ന് അപേക്ഷിച്ചത് 28 ലക്ഷം പേരാണ്. എന്നാല്‍ പദ്ധതിയില്‍ സംസ്ഥാന ബിജെപിക്ക് കാര്യമായ നേട്ടമൊന്നുമുണ്ടായില്ല.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് 10.49 ലക്ഷം അപേക്ഷകര്‍ക്ക് രണ്ടുഘട്ട പണം നല്‍കി. 91,000 അപേക്ഷകളാണ് നിരസിക്കപ്പെട്ടത്. ബാങ്ക് മരവിപ്പിച്ച അക്കൗണ്ട് നമ്പറുകള്‍ നല്‍കിയതിനെ തുടര്‍ന്ന് പലര്‍ക്കും പണം ലഭിക്കാതെയിരുന്നു. അതിനാല്‍ ഇനി മുതല്‍ ആധാറുമായി ബന്ധപ്പെടുത്തിയ അക്കൗണ്ടുകള്‍ മാത്രമേ ആനുകൂല്യം ലഭിക്കാനായി പരിഗണിക്കൂവെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ബാക്കിയുള്ള 18 ലക്ഷം കര്‍ഷകരുടെ അപേക്ഷകള്‍ പരിഗണനയിലാണ്. യഥാര്‍ത്ഥ ഗുണഭോക്താവിലേക്ക് തന്നെ ആനുകൂല്യം എത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനാണ് ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ടുകള്‍ തന്നെ നല്‍കണമെന്ന് കാര്‍ഷിക മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

സംസ്ഥാനത്ത് അപേക്ഷിച്ച മുഴുവന്‍പേര്‍ക്കും ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുണ്ട്. പരിശോധനയില്‍ അപേക്ഷയില്‍ സാങ്കേതിക പിഴവുകള്‍ കണ്ടെത്തി തള്ളിയതല്ലാതെ അനര്‍ഹര്‍ കടന്നുകൂടിയിട്ടില്ലെന്നും കേന്ദ്രകാര്‍ഷിക മന്ത്രാലയം വ്യക്തമാക്കുന്നു.

Tags:    

Similar News