സൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തി പോലിസ് ആക്ടിൽ ഭേദഗതി വരുത്തണം; ശിപാർശയുമായി ഡിജിപി
വാക്കുകളും ദൃശ്യങ്ങളും ഉപയോഗിച്ചുള്ള ലൈംഗിക അധിക്ഷേപം ജാമ്യമില്ലാ കുറ്റമാക്കണമെന്നും തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് അധിക്ഷേപിക്കുന്നതിന് ശിക്ഷ നൽകണമെന്നും ശിപാർശയിലുണ്ട്.
തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തി കേരള പോലിസ് ആക്റ്റിൽ ഭേദഗതി വരുത്തണമെന്ന ശിപാർശയുമായി ഡിജിപി ലോക്നാഥ് ബെഹ്റ. വാക്കുകളും ദൃശ്യങ്ങളും ഉപയോഗിച്ചുള്ള ലൈംഗിക അധിക്ഷേപം ജാമ്യമില്ലാ കുറ്റമാക്കണമെന്നും തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് അധിക്ഷേപിക്കുന്നതിന് ശിക്ഷ നൽകണമെന്നും ശിപാർശയിലുണ്ട്.
ഇന്റർനെറ്റിലൂടെയുള്ള ലൈംഗിക അധിക്ഷേപങ്ങൾ മാത്രമല്ല തെറ്റായ ആക്ഷേപങ്ങളിലൂടെയുള്ള വ്യക്തിഹത്യകളും കുറ്റകരമാക്കുന്ന തരത്തിലുള്ള നിയമനിർമാണം വേണമെന്നാണ് ഡിജിപി ശിപാർശ ചെയ്തിരിക്കുന്നത്.
നിലവിൽ സൈബർ കേസുകളിൽ ഭൂരിപക്ഷം പ്രതികൾക്കും വേഗത്തിൽ ജാമ്യം ലഭിക്കുന്ന അവസ്ഥയാണ്. സൈബർ കേസുകളിൽ കർശന നടപടികൾക്ക് മതിയായ നിയമം കേന്ദ്ര ഐടി ആക്ടിൽ ഇല്ലെന്നും അതിനാൽ കേരള പോലിസ് ആക്ടിൽ പുതിയ വകുപ്പുകൾ ഉൾപ്പെടുത്തണമെന്നുമാണ് ഡിജിപി ശിപാർശ ചെയ്യുന്നത്.