പോലിസിലെ സോഫ്റ്റുവെയര്‍ നിര്‍മാണം: ഊരാളുങ്കല്‍ സൊസൈറ്റിക്കായി നടത്തിയ വഴിവിട്ട നീക്കം കടുത്ത സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്
സംസ്ഥാന പോലിസിന്റെ സൈബര്‍ സുരക്ഷാ മുന്‍കരുതല്‍ മറികടന്ന് ഡേറ്റാ ബേസില്‍ പ്രവേശിക്കാനുളള അനുവാദവും സൊസൈറ്റിയ്ക്ക് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പോലിസ് വിവരങ്ങളും ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഞൊടിയിടയില്‍ കിട്ടുന്ന വിധത്തിലാണ് അനുമതി നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം: പാസ്പോര്‍ട്ട് അപേക്ഷാ പരിശോധനയ്ക്കുളള സോഫ്റ്റുവെയറിന്റെ നിര്‍മാണത്തിനായി സംസ്ഥാന പോസിന്റെ ഡേറ്റാ ബേസ് സിപിഎം നിയന്ത്രണത്തിലുള്ള കോഴിക്കോട്ടെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നു കൊടുത്തത് കടുത്ത സുരക്ഷാ വീഴചയെന്നാണ് സൈബര്‍ വിദഗ്ധര്‍. അതീവ പ്രധാന്യമുളള ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റുവര്‍ക് സിസ്റ്റത്തിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കാന്‍ കഴിയുന്ന തരത്തിലുള്ള സ്വതന്ത്രാനുമതി നല്‍കുന്ന ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 29 നാണ് പുറത്തുവന്നത്. എന്നാൽ വിവാദങ്ങളിൽ കഴമ്പില്ലെന്നും പാസ്പോർട്ട് വേരിഫിക്കേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ് പരിശോധിക്കാൻ കഴിയുകയുള്ളൂവെന്നും ഡിജിപി പറഞ്ഞു.
ഊരാളുങ്കല്‍ സൊസൈറ്റിയ്ക്ക് സോഫ്റ്റുവെയര്‍ നിര്‍മാണ ചുമതല നല്‍കാന്‍ വഴിവിട്ട നീക്കങ്ങള്‍ നടന്നെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സംസ്ഥാന പോലിസിന്റെ സൈബര്‍ സുരക്ഷാ മുന്‍കരുതല്‍ മറികടന്ന് ഡേറ്റാ ബേസില്‍ പ്രവേശിക്കാനുളള അനുവാദവും സൊസൈറ്റിയ്ക്ക് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പോലിസ് വിവരങ്ങളും ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഞൊടിയിടയില്‍ കിട്ടുന്ന വിധത്തിലാണ് അനുമതി നല്‍കിയിരിക്കുന്നത്. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ മുതല്‍ കുറ്റവാളികള്‍ വരെയുളളവരുടെ മുഴുവന്‍ വിശദാംശങ്ങളും ഊരാളുങ്കല്‍ സൊസൈറ്റിയുടെ സോഫ്റ്റുവെയര്‍ നിര്‍മാണ യൂനിറ്റിന് ലഭിക്കും. സാധാരണ ഗതിയില്‍ സാമ്പിള്‍ ഡേറ്റാ ഉപയോഗിച്ച് സ്വകാര്യ കമ്പനികള്‍ സോഫ്റ്റുവെയറുകള്‍ നിര്‍മിക്കുമ്പോഴാണ് ഊരാളുങ്കലിനായി ഈ നീക്കം.
ഒക്ടോബര്‍ 25ന് ഊരാളുങ്കല്‍ സൊസൈറ്റി നല്‍കിയ അപേക്ഷയില്‍ നാലു ദിവസത്തിനുള്ളില്‍ത്തന്നെ സൈാസൈറ്റിക്ക് ഡേറ്റാ ബേസില്‍ പ്രവേശിക്കാന്‍ ഡിജിപി അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ നവംബര്‍ രണ്ടിന് മാത്രമാണ് പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ചത്. നാലംഗ സമിതിയെയാണ് നിയോഗിച്ചത്. എന്നാല്‍ ഈ സാങ്കേതിക സമിതിയുടെ റിപോര്‍ട്ട് ലഭിക്കുന്നതിന് മുമ്പ് തന്നെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് അനുമതി നല്‍കിയതോടെ സാങ്കേതിക സമിതിയുടെ പ്രസക്തി തന്നെ ഇല്ലാതായി.
അതേസമയം, ടെന്‍ഡര്‍ പോലും വിളിക്കാതെ ഊരാളുങ്കലിനു ഇടപാടു കൈമാറുന്നതില്‍ സേനയില്‍ തന്നെ എതിര്‍പ്പുയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ സംസ്ഥാന പോലിസിന്റെ കൈവശമുള്ള ക്രൈം ഡാറ്റകള്‍ മുഴുവന്‍ സ്വകാര്യ ഏജന്‍സിക്കു കൈമാറുന്നത് സുരക്ഷാ വിഷയങ്ങളും ഉയര്‍ത്തുമെന്നും ആരോപണം ഉയരുന്നുണ്ട്. അതീവ പ്രധാന്യമുളള ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റുവര്‍ക് സിസ്റ്റത്തിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കാന്‍ കഴിയുന്ന തരത്തിലുള്ള സ്വതന്ത്രാനുമതിയാണ് സഹകരണ സംഘത്തിന് നല്‍കിയതെന്നാണ് പ്രധാന ആരോപണം.
പാസ്പോര്‍ട്ട് അപേക്ഷകള്‍ പരിശോധിക്കുന്നതിന് 2017 ല്‍ കേരള പോലിസിലെ സാങ്കേതിക വിദഗ്ധര്‍ വികസിപ്പിച്ച ഇവിഐപി വെര്‍ഷന്‍ 1.0 എന്ന സംവിധാനം ഉപേക്ഷിച്ചാണ് പുതിയ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനുള്ള നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരിശോധനാ മികവിനു കേരള പോലിസിനു വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം നേടിക്കൊടുത്തതാണ് ഇവിഐപി വെര്‍ഷന്‍ 1.0. തൃശൂര്‍ റൂറല്‍ പൊലീസ് ജില്ലയില്‍ നടപ്പിലാക്കി വിജയം കണ്ടതോടെ 19 പോലിസ് ജില്ലകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ ആപ്പിന്റെ നവീകരിച്ച രൂപമാണ് ഊരാളുങ്കല്‍ നല്‍കുന്നത്.