പോലിസിലെ പോസ്റ്റല്‍ ബാലറ്റ് അട്ടിമറി; കമാന്‍ഡോ വൈശാഖിന് സസ്‌പെന്‍ഷന്‍
ഇയാള്‍ക്കെതിരേ ജനപ്രാതിനിധ്യ നിയമപ്രകാരം ക്രൈംബ്രാഞ്ച് കേസെടുക്കുകയും ചെയ്തു. ഐആര്‍ ബറ്റാലിയനിലെ ബാലറ്റ് ശേഖരണത്തിന് നേതൃത്വം നല്‍കിയത് വൈശാഖാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം: പോലിസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ അട്ടിമറിച്ച കേസില്‍ ഐആര്‍ ബറ്റാലിയനിലെ കമാന്‍ഡോ വൈശാഖിനെ സസ്‌പെന്റ് ചെയ്തു. ഇയാള്‍ക്കെതിരേ ജനപ്രാതിനിധ്യ നിയമപ്രകാരം ക്രൈംബ്രാഞ്ച് കേസെടുക്കുകയും ചെയ്തു. ഐആര്‍ ബറ്റാലിയനിലെ ബാലറ്റ് ശേഖരണത്തിന് നേതൃത്വം നല്‍കിയത് വൈശാഖാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
വിവാദവുമായി ബന്ധപ്പെട്ട് മറ്റ് നാല് പോലിസുകാര്‍ക്കെതിരായ നടപടി വിശദമായ അന്വേഷണത്തിനുശേഷം മാത്രം മതിയെന്നും തീരുമാനമായി. അതിനിടെ, സഹപ്രവര്‍ത്തകരില്‍നിന്ന് പോസ്റ്റല്‍ ബാലറ്റ് ആവശ്യപ്പെട്ട് വൈശാഖ് ശബ്ദസന്ദേശം അയച്ച ശ്രീപത്മനാഭയെന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് കേസെടുക്കും മുമ്പുതന്നെ നശിപ്പിക്കപ്പെട്ടു. ഇതോടെ കേസിലെ പ്രധാന തെളിവുകളിലൊന്ന് ഇല്ലാതായി. അമ്പതിലധികം പോലിസുകാര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പാണിത്. മുഖ്യമന്ത്രിയുടെയും മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെയും സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനായ വൈശാഖാണ് സഹപ്രവര്‍ത്തകരുടെ പോസ്റ്റല്‍ ബലറ്റുകള്‍ ആവശ്യപ്പെട്ട് ശബ്ദസന്ദേശം ശ്രീപത്മനാഭയെന്ന ഗ്രൂപ്പിലിട്ടത്. ഈ കേസ് പ്രത്യേകമായി തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് അന്വേഷിക്കും.
പോസ്റ്റല്‍ ബാലറ്റിലെ തിരിമറിയെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം ക്രൈംബ്രാഞ്ച് തൃശൂര്‍ എസ്പി സുദര്‍ശന്റെ നേതൃത്വത്തിലായിരിക്കും നടക്കുക. ഈ അന്വഷണം പൂര്‍ത്തിയായ ശേഷമായിരിക്കും പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ ശേഖരിച്ച വട്ടപ്പാറ സ്വദേശിയായ പോലിസുകാരന്‍ മണിക്കുട്ടനെതിരെയും മറ്റ് പോലിസുകാര്‍ക്കെതിരെയും നടപടിയുണ്ടാവുക. ഈ മാസം 15നകം അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് നല്‍കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.