പോലിസുകാരുടെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് മേധാവിക്കാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയത്. പോലിസിലെ പോസ്റ്റല്‍ ബാലറ്റ് വിവാദത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പോലിസ് മേധാവി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
തിരുവനന്തപുരം: പോലിസുകാരുടെ പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് മേധാവിക്കാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയത്. പോലിസിലെ പോസ്റ്റല്‍ ബാലറ്റ് വിവാദത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പോലിസ് മേധാവി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേകസംഘത്തെ നിയോഗിച്ചായിരിക്കും അന്വേഷണമെന്നാണ് സൂചന. എഫ്‌ഐആര്‍ ലഭിച്ചശേഷം പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടിയടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. പോസ്റ്റല്‍ ബാലറ്റ് വിവാദത്തില്‍ പോലിസ് അസോസിയേഷന് പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന് പോലിസ് മേധാവി കഴിഞ്ഞദിവസം സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ വൈശാഖന്‍ എന്ന പോലിസുകാരനെതിരേ നടപടി സ്വീകരിക്കണമെന്നും അഞ്ച് പോലിസുകാര്‍ക്കെതിരേ അന്വേഷണം നടത്തണമെന്നും ഡിജിപിയുടെ റിപോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്റലിജന്‍സ് വിഭാഗം തയ്യാറാക്കിയ റിപോര്‍ട്ടാണ് ശുപാര്‍ശ സഹിതം ഡിജിപി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കൈമാറിയത്. ഇത് ടിക്കാറാം മീണ അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്നാണ് വിശദമായ അന്വേഷണം നടത്താന്‍ ഡിജിപിക്ക് മീണ നിര്‍ദേശം നല്‍കിയത്. അസോസിയേഷന്റെ ഇടപെടലിന്റെ രീതികള്‍, അത് എത്രവരെ പോയി, ഉദ്യോഗസ്ഥരെ ഭയപ്പെടുത്തിയോ എന്നിവ സംബന്ധിച്ചായിരിക്കും ക്രൈംബ്രാഞ്ച് അന്വേഷിക്കുക. അതിനിടെ, ക്രമക്കേടില്‍ പങ്കുണ്ടെന്ന് തെളിഞ്ഞ കമാന്‍ഡോ വൈശാഖിന്റെ സിപിഎം ബന്ധവും പുറത്തുവന്നിട്ടുണ്ട്.