സാമൂഹിക വിരുദ്ധരെ നേരിടാന്‍ പോലിസ്, സഹായങ്ങള്‍ കളക്ഷന്‍ സെന്ററുകളില്‍ എത്തിക്കണം- മുഖ്യമന്ത്രി
വൈദ്യുതി, വാട്ടര്‍ കണക്ഷന്‍ തുടങ്ങിയവ ഇല്ലാത്ത സ്ഥിതിയായിരിക്കും പല സ്ഥലങ്ങളിലും ഉണ്ടാവുക. ഈ വസ്തുത കണക്കിലെടുത്ത് അത്തരം കാര്യങ്ങളില്‍ സന്നദ്ധതയുള്ളവരെ കണ്ടെത്തി പ്രശ്നം പരിഹരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ഓരോ ജില്ലയില്‍ നിന്നും സഹായങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നവര്‍, അതാത് ജില്ലകളിലെ കളക്ടിംഗ് സെന്ററുകളില്‍ എത്തിച്ചാല്‍ മതിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അത് ശേഖരിച്ച് മറ്റു ജില്ലകളിലേക്ക് എത്തിക്കുന്ന നടപടി ചുമതലപ്പെട്ടവര്‍ നിര്‍വഹിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുവേണ്ട ഉല്‍പന്നങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ ലിസ്റ്റിലുള്ള ഉല്‍പന്നങ്ങള്‍ തന്നെ സഹായിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നല്‍കിയാലേ ഫലപ്രദമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാവൂ.
വിഷമം അനുഭവിക്കുന്നവരെ സഹായിക്കാന്‍ സാധാരണ ജനങ്ങളും സംഘടനകളും സ്ഥാപനങ്ങളും കാണിക്കുന്ന താല്‍പര്യം അഭിനന്ദനാര്‍ഹമാണ്. ഈ സന്നദ്ധത നിലനില്‍ക്കുന്ന ആവശ്യത്തിനനുസരിച്ച് പ്രയോജനപ്പെടുത്താനാണ് ശ്രമിക്കുന്നത്.
ഓരോ ക്യാമ്പിലും ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയും അതിനനുസരിച്ച് അവ എത്തിച്ചുകൊടുക്കുകയും ചെയ്യുന്നതാണ് രീതി. അതല്ലാതെ അനാവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നത് നിഷ്പ്രയോജനമാകും. അക്കാര്യത്തില്‍ ജില്ലാ കലക്ടര്‍മാര്‍ക്കാണ് ചുമതല. സാധനങ്ങള്‍ ശേഖരിക്കുന്നവര്‍ കലക്ടര്‍മാരുമായി ബന്ധപ്പെട്ടാണ് അതു ചെയ്യേണ്ടത്. ക്യാമ്പിനകത്തു കയറി ആരും സഹായം എത്തിക്കേണ്ടതില്ല. പ്രത്യേക ചുമതലയില്ലാത്ത ആരും ക്യാമ്പിനുള്ളിലേക്ക് പ്രവേശിക്കുന്നതും അനുവദിക്കില്ല. പ്രത്യേക ചിഹ്നങ്ങളും അടയാളങ്ങളുമായി സഹായമെത്തിക്കുന്ന രീതിയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടേകാല്‍ ലക്ഷത്തിലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിക്കഴിഞ്ഞിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ ഫലപ്രദമായി നടത്തുക എന്ന ഉത്തരവാദിത്തം കൂടി ഇതോടെ രൂപപ്പെട്ടിരിക്കുകയാണ്. അതിനുള്ള സഹായങ്ങളും ഇടപെടലുകളും ഉണ്ടാകണം. ഓരോ ജില്ലയിലെയും കലക്ടര്‍മാര്‍ക്കാണ് മൊത്തം ഏകോപനത്തിന്റെ ചുമതല. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കേണ്ട ഉത്തരവാദിത്തം പൊലീസിനാണ്. ക്യാമ്പിന്റെ ചുമതല റവന്യൂ വകുപ്പിനും, അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പും ആവശ്യമായ സഹായങ്ങള്‍ നല്‍കുക എന്ന രീതിയിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. കാലവര്‍ഷക്കെടുതിയില്‍ വീട് വിട്ടൊഴിഞ്ഞവരുണ്ട്. അത്തരം വീടുകള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കേണ്ടിവരും. സാമൂഹ്യവിരുദ്ധരുടെയും മറ്റും സാന്നിധ്യം തടയാനുള്ള ഇടപെടല്‍ പൊലീസ് നടത്താന്‍ നിര്‍ദ്ദേശം പൊലീസ് വകുപ്പിനും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളമിറങ്ങിയാല്‍ വീടുകളില്‍ മടങ്ങിയെത്തുമ്പോള്‍ അത് വാസയോഗ്യമായി ഇരിക്കണമെന്നില്ല. വൈദ്യുതി, വാട്ടര്‍ കണക്ഷന്‍ തുടങ്ങിയവ ഇല്ലാത്ത സ്ഥിതിയായിരിക്കും പല സ്ഥലങ്ങളിലും ഉണ്ടാവുക. ഈ വസ്തുത കണക്കിലെടുത്ത് അത്തരം കാര്യങ്ങളില്‍ സന്നദ്ധതയുള്ളവരെ കണ്ടെത്തി പ്രശ്നം പരിഹരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.