പോപുലര്‍ ഫ്രണ്ട് ദിനാചരണം: യൂണിറ്റി മാര്‍ച്ചിനൊരുങ്ങി എടക്കര
പരിപാടിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ പതാകദിനം ആചരിച്ചു. യൂനിറ്റ് തലങ്ങളില്‍ പതാകയുയര്‍ത്തി.
മലപ്പുറം: വെറുപ്പിന്റെ രാഷ്ടീയത്തെ പരാജയപ്പെടുത്തുക എന്ന സന്ദേശവുമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടപ്പിക്കുന്ന യുനിറ്റി മാര്‍ച്ചിനും ബഹുജന റാലിക്കും പൊതു സമ്മേളനത്തിനും എടക്കര ഒരുങ്ങി. പോപുലര്‍ ഫ്രണ്ട് സ്ഥാപക ദിനത്തോടനുബന്ധിച്ചു നടക്കുന്ന പരിപാടിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ പതാകദിനം ആചരിച്ചു. യൂനിറ്റ് തലങ്ങളില്‍ പതാകയുയര്‍ത്തി. ഇന്ന് വൈകീട്ട് 4.45ന് എടക്കര പാലത്തിങ്ങല്‍ നിന്നാരംഭിക്കുന്ന യൂണിറ്റി മാര്‍ച്ചും റാലിയും ടൗണ്‍ വഴി മുസ്‌ലിയാരങ്ങാടി നെടുംകണ്ടത്തില്‍ മൈതാനിയില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ദേശീയ സമിതി അംഗം ഇ എം അബ്ദുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിക്കും. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം എം വി റഷീദ് മുഖ്യപ്രഭാഷണം നടത്തും.കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എം എസ് സാജിദ്, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എം ഹബീബ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതിയംഗം ടി അബ്ദുര്‍റഹ്മാന്‍ ബാഖവി എന്നിവര്‍ പങ്കെടുക്കും.യൂണിറ്റി മാര്‍ച്ചിന്റെ പ്രചാരണാര്‍ഥം ഇന്നലെ എടക്കരയില്‍ റോഡ് ഷോ നടത്തി. കുതിരപ്പുറത്ത് നക്ഷത്രാങ്കിത രക്തഹരിത പതാകയേന്തി നീങ്ങിയ റോഡ് ഷോയില്‍ നിരവധി ഇരുചക്ര വാഹനങ്ങളിലായി നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.