ദീപം തെളിയിക്കല്‍; മുഖ്യമന്ത്രിയുടെ പിന്തുണ നിര്‍ഭാഗ്യകരം: പോപുലര്‍ ഫ്രണ്ട്
ഇന്ത്യന്‍ സമൂഹത്തില്‍ ഹിന്ദുത്വ സംസ്‌കാരം അടിച്ചേല്‍പ്പിക്കാനായി സര്‍ക്കാര്‍ സംവിധാനങ്ങളെ സംഘപരിവാരം അതിവിദഗ്ദമായി ദുരുപയോഗം ചെയ്യുകയാണ്
കോഴിക്കോട്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണിന്റെ മറവില്‍ ഹിന്ദുത്വ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള സംഘപരിവാര ശ്രമങ്ങളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍ പ്രസ്താവിച്ചു. ഇന്ന് രാത്രി 9 മണിക്ക് വൈദ്യുതി വിളക്കുകള്‍ അണച്ച് ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഇത്തരം ഒളിയജണ്ടകളുടെ ഭാഗമാണ്. യാതൊരു ശാസ്ത്രീയാടിത്തറയുമില്ലാത്ത ഇത്തരമൊരാഹ്വാനത്തിന് കേരളം ഭരിക്കുന്ന മതേതര സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിച്ചത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
ദീപം തെളിക്കലിനെ പിന്തുണക്കുന്നതിലൂടെ അന്ധവിശ്വാസങ്ങളെയും ഹിന്ദുത്വ ഒളിയജണ്ടകളെയും അംഗീകരിക്കുകയും പിന്തുണക്കുകയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തിട്ടുള്ളത്. ആര്‍എസ്എസ് ഒളിച്ചു കടത്താന്‍ ശ്രമിച്ചിട്ടുള്ള സാംസ്‌കാരിക അധിനിവേശത്തിന് മതേതര കക്ഷികള്‍ നല്‍കിയ പിന്തുണയാണ് ഇക്കാലമത്രയും അവര്‍ക്ക് തുണയായിട്ടുള്ളത്. ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ലാത്ത ഈ നടപടിയെ പിന്തുണക്കുന്നതിലൂടെ വര്‍ഗീയ രാഷ്ട്രീയത്തോട് തങ്ങള്‍ പുലര്‍ത്തിപ്പോരുന്ന സഹകരണം തുടരുകയാണെന്ന സന്ദേശമാണ് നല്‍കുന്നത്.
ഇന്ത്യന്‍ സമൂഹത്തില്‍ ഹിന്ദുത്വ സംസ്‌കാരം അടിച്ചേല്‍പ്പിക്കാനായി സര്‍ക്കാര്‍ സംവിധാനങ്ങളെ സംഘപരിവാരം അതിവിദഗ്ദമായി ദുരുപയോഗം ചെയ്യുകയാണ്. രാജ്യം ഒറ്റക്കെട്ടായി ഒരു മഹാവിപത്തിനെതിരേ അണിനിരന്നിരിക്കുന്ന ഘട്ടത്തില്‍ പോലും തങ്ങളുടെ സങ്കുചിത, വിഭാഗീയ താല്‍പ്പര്യങ്ങളുമായി ഹിന്ദുത്വ ഫാഷിസം മുന്നോട്ടുപോകുന്നത് കണ്ടില്ലെന്ന് നടിക്കുന്നത് ആപത്താണ്. കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന മുഴുവന്‍ നടപടികളും പാലിക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ട്. അതിനുമപ്പുറം, വിളക്കു തെളിയിക്കലും പാത്രം കൊട്ടലും പോലുള്ള തികച്ചും പരിഹാസ്യമായ നടപടികള്‍ക്കൊപ്പം നില്‍ക്കാനും ജനങ്ങളുടെ ഉള്ളില്‍ തെറ്റായ ചിന്തകളെ അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങള്‍ തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.