കെ റെയിലിനെതിരേ കണ്ണൂർ താണയിൽ പ്രതിഷേധം; സർവേ കല്ല് പിഴുതുമാറ്റി

നെല്ലിയോട് ദീപക്കിന്‍റെ ഭൂമിയിൽ സ്ഥാപിച്ച സർവേ കല്ല് പ്രതിഷേധക്കാർ പിഴുതുമാറ്റി. ഇതോടെ പ്രതിഷേധക്കാരും ഉദ്യോഗസ്ഥരും തമ്മിൽ വാഗ്വാദം ഉണ്ടായി.

Update: 2022-02-17 10:38 GMT

കണ്ണൂർ: കെ റെയിൽ പദ്ധതിക്ക് വേണ്ടിയുള്ള കല്ലിടലിനെതിരേ കണ്ണൂർ താണയിൽ പ്രതിഷേധം. പോലിസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. കെ റെയിൽ ഉദ്യോ​ഗസ്ഥർക്കെതിരേ പ്രദേശവാസികളും കെ റെയിൽ വിരുദ്ധ സമരസമിതിയുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ അടക്കമുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

നെല്ലിയോട് ദീപക്കിന്‍റെ ഭൂമിയിൽ സ്ഥാപിച്ച സർവേ കല്ല് പ്രതിഷേധക്കാർ പിഴുതുമാറ്റി. ഇതോടെ പ്രതിഷേധക്കാരും ഉദ്യോഗസ്ഥരും തമ്മിൽ വാഗ്വാദം ഉണ്ടായി. ഇതിനിടെ പ്രതിഷേധത്തിൽ പങ്കെടുത്ത സി സുഷമ എന്ന സ്ത്രീയെ ഉദ്യോ​ഗസ്ഥർ അപമാനിച്ചെന്ന ആരോപണവും ഉയർന്നു. ഉദ്യോ​ഗസ്ഥ മാപ്പ് പറയണമെന്ന ആവശ്യവുമായി പ്രതിഷേധക്കാർ വീണ്ടും സംഘടിച്ചു. പ്രതിഷേധക്കാരെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.

കെ റെയിൽ പദ്ധതിക്കായി സർവേയും കല്ലിടലും നടത്തുന്നതിനെതിരേ വിവിധ ജില്ലകളിൽ പ്രദേശവാസികളും കെ റെയിൽ വിരുദ്ധ സമരസമിതിയും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. പദ്ധതിക്കെതിരേ വീട് കയറിയുള്ള പ്രചാരണം നടക്കുന്നുണ്ട്. കല്ലിടാനുള്ള നീക്കം ശക്തമായി എതിർക്കണമെന്ന പ്രചാരണമാണ് വ്യാപകമായി നടത്തുന്നത്.

Tags:    

Similar News