ഡോ. ബി ആര്‍ അംബേദ്കറെ അപമാനിക്കുന്ന ഡിസി ബുക്‌സിലേക്ക് പ്രതിഷേധ മാര്‍ച്ച് ഇന്ന്
ഉണ്ണി ആറിന്റെ 'മലയാളി മെമ്മോറിയല്‍' എന്ന കഥാസമാഹാരത്തിന് സൈനുല്‍ ആബിദ് ഒരുക്കിയ കവര്‍ ചിത്രമാണ് അംബേദ്കറെ വികലമായി ചിത്രീകരിച്ചത്.
കൊച്ചി: ഭരണഘടനാ ശില്‍പിയും ദലിത് അവകാശ പോരാട്ടങ്ങളുടെ നായകനുമായ ഡോ. ബി ആര്‍ അംബേദ്കറിനെ സവര്‍ണ വേഷത്തില്‍ അവതരിപ്പിച്ചുള്ള പുസ്തക കവര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദലിത് കൂട്ടായ്മ സംഘടിപ്പിക്കുന്ന പ്രതിഷേധ മാര്‍ച്ച് ഇന്ന് നടക്കും. ഹൈക്കോടതി ജങ്ഷനില്‍ നിന്ന് രാവിലെ 11 ന് ആരംഭിക്കുന്ന മാര്‍ച്ച് 12 മണിക്ക് എറണാകുളം ഡിസി ബുക്‌സില്‍ എത്തിച്ചേരും.
ഉണ്ണി ആറിന്റെ 'മലയാളി മെമ്മോറിയല്‍' എന്ന കഥാസമാഹാരത്തിന് സൈനുല്‍ ആബിദ് ഒരുക്കിയ കവര്‍ ചിത്രമാണ് അംബേദ്കറെ വികലമായി ചിത്രീകരിച്ചത്. പാരമ്പര്യ വേഷം ധരിച്ചല്ല അംബേദ്കര്‍ ജീവിച്ചത്. എന്നാല്‍, പുസ്തകത്തില്‍ കേരളത്തിന്റെ കസവ് കരയുള്ള മുണ്ടും മേല്‍ശീലയുമണിഞ്ഞ് ചാരുകസേരയിലിരിക്കുന്ന അംബേദ്കറിനെയാണ് മുഖചിത്രത്തില്‍ നല്‍കിയിരിക്കുന്നത്.
കേരളത്തിലെ ദലിത് നേതാക്കളായ കെ അംബുജാക്ഷന്‍, എം ഗീതാനന്ദന്‍, അഡ്വ: സജി കെ ചേരമന്‍, രമേഷ് നന്മണ്ട, ശ്രീരാമന്‍ കൊയ്യോന്‍, കെ കെ ജിന്‍ഷു, അഡ്വ. സുനില്‍ സി കുട്ടപ്പന്‍, പി വി സജിവ് കുമാര്‍, പി കെ വേണു, കെ ഐ ഹരി, വി എസ് രാധാകൃഷ്ണന്‍, പി പി സന്തോഷ്, സി എസ് മുരളി ശങ്കര്‍, കെ കെ സിസിലു തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കും.