കാന്‍സറില്ലാതെ കീമോ: ഓണനാളിലും സമരമിരുന്ന രജനിക്ക് അധികൃതരുടെ 'കനിവ്'

നീതി തേടി രജനിയും കുടുംബവും കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. രജനിക്കും കുടുംബത്തിനും സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പുനല്‍കി. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് രജനി പറയുന്നു.

Update: 2019-09-11 10:15 GMT

ആലപ്പുഴ: അര്‍ബുദം ഇല്ലാഞ്ഞിട്ടും കീമോ തെറാപ്പിക്ക് വിധേയയാക്കിയ ആലപ്പുഴ കുടശ്ശനാട് സ്വദേശി രജനിക്ക് നീതി ലഭിക്കാന്‍ ഓണനാളിലും സമരം ഇരിക്കേണ്ട ഗതികേട്. തിരുവോണ നാളില്‍ മാവേലിക്കര താലൂക്ക് ഓഫിസിന് മുന്നിലായിരുന്നു സമരം. ചികിത്സാ പിഴവ് വരുത്തിയ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി എടുക്കുക , കുടുംബത്തിന് നഷപരിഹാരം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു രജനിയുടെ സമരം. ആവശ്യങ്ങളില്‍ 10 ദിവസത്തിനകം നടപടിയുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.

സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് രജനിക്ക് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കീമോ തെറാപ്പി ചെയ്ത്. ചികിത്സാപിഴവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആരോഗ്യവകുപ്പ് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു.

മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയെന്ന റിപ്പോര്‍ട്ട് സംഘം സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് നടപടി ഉണ്ടായില്ല. നീതി തേടി രജനിയും കുടുംബവും കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ചീഫ് സെക്രട്ടിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജനിക്കും കുടുംബത്തിനും സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പുനല്‍കി. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് രജനി പറയുന്നു.

Tags:    

Similar News