വി കെ ഇബ്രാഹിംകുഞ്ഞിന്റെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യം; ഹൈക്കോടതിയില്‍ ഇടക്കാല ഹരജി
ദിനപത്രത്തിന്റെ അക്കൗണ്ട് വഴി പത്തു കോടി രൂപ നിക്ഷേപിച്ചെന്നു ആരോപിക്കുന്ന കേസിലെ ഹരജിക്കാരന്‍ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയില്‍ ഇടക്കാല ഹരജി സമര്‍പ്പിച്ചത്. ഇബ്രാഹിംകുഞ്ഞിന്റെയും മക്കളുടെയും ഉടമസ്ഥതയിലുള്ള കമ്പനികളുടെ പേരിലാണ് 25 കോടി രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് നല്‍കിയിട്ടുള്ളതെന്നും ഹരജിയില്‍ പറയുന്നു.ഇടക്കാല ഹരജിയില്‍ വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ വിശദീകരണം നല്‍കണമെന്നും എന്‍ഫോഴ്സ്മെന്റ് അന്വേഷണപുരോഗതി കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു
കൊച്ചി: പൊതുമരാമത്തുവകുപ്പു മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ ഇടക്കാല ഹരജി സമര്‍പ്പിച്ചു. ഇബ്രാഹിംകുഞ്ഞിന്റെയും മക്കളുടെയും ഉടമസ്ഥതയിലുള്ള കമ്പനികളുടെ പേരിലാണ് 25 കോടി രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് നല്‍കിയിട്ടുള്ളതെന്നും ഹരജിയില്‍ പറയുന്നു. ദിനപത്രത്തിന്റെ അക്കൗണ്ട് വഴി പത്തു കോടി രൂപ നിക്ഷേപിച്ചെന്നു ആരോപിക്കുന്ന കേസിലെ ഹരജിക്കാരന്‍ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയില്‍ ഇടക്കാല ഹരജി സമര്‍പ്പിച്ചത്.
2001 മുതല്‍ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ. ആയതിനുശേഷം സമ്പാദിച്ച സ്വത്തുവിവരങ്ങളുടെയും ഇബ്രാഹിംകുഞ്ഞും മക്കളും ഡയറക്ടര്‍മാരായ കമ്പനിയുടെ അഞ്ച് നിര്‍മാണ യൂനിറ്റുകളുടെയും വിവരങ്ങളും ഇബ്രാഹിംകുഞ്ഞിന്റെ വിദേശ നിക്ഷേപത്തെപ്പറ്റിയും അന്വേഷിക്കണമെന്നു ഹരജിയില്‍ പറഞ്ഞിട്ടുണ്ട്. രേഖകളും ഹരജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ദിനപത്രത്തില്‍ പത്തു കോടി രൂപനോട്ട് നിരോധന സമയത്ത് വെളുപ്പിച്ചെടുത്തുവെന്നു ആരോപക്കുന്ന കേസിലാണ് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം ആരംഭിക്കുകയും മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ കളമശ്ശേരിയിലും തിരുവനന്തപുരത്തെ ഓഫീസിലുമുള്ള പേഴ്സനല്‍ അസിസ്റ്റന്റുമാരെ ചോദ്യംചെയ്തതായും എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.
ഇതിനിടയില്‍ ഈകേസില്‍ ദിനപ്പത്രത്തെ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം അപേക്ഷസമര്‍പ്പിച്ചു. ദിനപ്പത്രത്തിന്റെ ഡയറക്ടര്‍മാരിലൊരാളായ സമീറിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിടടുണ്ടെന്നും ആയതിനാല്‍ ദിനപ്പത്രത്തെക്കൂടി ഈ കേസില്‍ കക്ഷിചേര്‍ക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ ഈ ആവശ്യം തള്ളിയ കോടതി ദിനപത്രത്തെ കക്ഷി ചേര്‍ക്കേണ്ടതില്ലെന്നും വ്യക്തമാക്കി. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ആരോപിക്കുന്ന പത്തു കോടി രൂപ ദിനപത്രത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചുവെന്നാണ് ഹരജിക്കാരന്റെ വാദം. ഇടക്കാല ഹരജിയില്‍ വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ വിശദീകരണം നല്‍കണമെന്നും എന്‍ഫോഴ്സ്മെന്റ് അന്വേഷണപുരോഗതി കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു.കേസ് ആഗസ്ത് 10 ന് വീണ്ടും പരിഗണിക്കും.