കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ പത്ത് പേര്‍ മരിക്കുകയും ഏഴ് പേരെ കാണാതാവുകയും ചെയ്ത മേപ്പാടി പുത്തുമലയില്‍ തിരച്ചിലിന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഹൈദരാബാദ് നാഷണല്‍ ജിയോ ഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് റഡാറുകള്‍ കൊണ്ടുവരുമെന്ന് സബ് കലക്ടര്‍ എന്‍എസ്‌കെ ഉമേഷ് പറഞ്ഞു. തിരച്ചിലിനായി കേരള പോലിസിന്റെ സ്‌നിഫര്‍ ഡോഗുകളെയും കൊണ്ടുവരും. എറണാകുളത്ത് നിന്നുള്ള പോലിസ് നായകളെയാണ് കൊണ്ടുവരിക.
പരിശോധനക്കായി ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ (ജിപിആര്‍) സംവിധാനം നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്ന രണ്ട് ഏജന്‍സികള്‍ പിന്‍വാങ്ങിയ സാഹചര്യത്തിലാണ് നാഷണല്‍ ജിയോ ഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സഹായം തേടിയതെന്ന് സബ് കലക്ടര്‍ പറഞ്ഞു.
മലപ്പുറം കവളക്കാട്ടേക്കും വയനാട്ടിലേക്കുമായാണ് സംസ്ഥാന സര്‍ക്കാര്‍ റഡാര്‍ ആവശ്യപ്പെട്ടത്. തിരച്ചിലിനായി സ്‌കാനര്‍ ഉപയോഗിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും മരവും കല്ലും വെള്ളവും നിറഞ്ഞ ഭൂമിയില്‍ സ്‌കാനര്‍ പരിശോധന ദുഷ്‌കരമാണ്. ഇതിനാലാണ് റഡാറുകള്‍ എത്തിക്കുന്നതെന്നും സബ് കലക്ടര്‍ വ്യക്തമാക്കി.