സമസ്തയേയും ലീഗിനേയും വിമര്‍ശിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് റഹ്മത്തുല്ലാഹ് ഖാസിമി
കഴിഞ്ഞ ദിവസം പുറത്തു വന്ന ഖാസിമിയുടെ പ്രഭാഷണത്തില്‍ അബ്ദുസ്സമദ് സമദാനിയെ സഭ്യേതരമായി പരാമര്‍ശിക്കുകയും ലീഗിനെ സലഫി ബന്ദം ആരോപിച്ച് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
കോഴിക്കോട്: വിവാദ പരാമര്‍ശങ്ങളില്‍ ഖേദ പ്രകടനവുമായി ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുല്ലാഹ് ഖാസിമി മുത്തേടം. ചില പ്രഭാഷണങ്ങളില്‍ തെറ്റായ പരാമര്‍ശങ്ങള്‍ വന്ന് പോയെന്നും സമസ്തയേയും ലീഗിനേയും വിമര്‍ശിച്ചതില്‍ ദുഖവും വേദനയുമുണ്ടെന്നൂം അദ്ദേഹം അറിയിച്ചു. മുക്കം ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഖാസിമിയുടെ ഖേദ പ്രകടനം. കഴിഞ്ഞ ദിവസം പുറത്തു വന്ന ഖാസിമിയുടെ പ്രഭാഷണത്തില്‍ അബ്ദുസ്സമദ് സമദാനിയെ സഭ്യേതരമായി പരാമര്‍ശിക്കുകയും ലീഗിനെ സലഫി ബന്ദം ആരോപിച്ച് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. പരാമര്‍ശങ്ങള്‍ വലിയ പ്രതിഷേധമുയര്‍ത്തി. നാസര്‍ ഫൈസി കൂടത്തായി അടക്കമുള്ള ഇകെ സുന്നി നേതാക്കളും ഖാസിമിക്കെതിരെ പരിഹാസവും പ്രതിഷേധവുമായി രംഗത്തു വന്നു.
ഖാസിമിമുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
ഇസ്‌ലാമിക പ്രബോധന പ്രസംഗ മേഖലയില്‍ പതിറ്റാണ്ടുകളായി ഇടപെടുന്ന ഒരു വ്യക്തിയെന്ന നിലക്ക് ചില പ്രഭാഷണങ്ങളില്‍ തെറ്റായ ചില പരാമര്‍ശങ്ങള്‍ വന്ന് പോയിട്ടുണ്ട്. ഇയ്യിടെ നടത്തിയ ചില പ്രസംഗങ്ങളില്‍ ഞാന്‍ ആദരിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയേയും മുസ്‌ലിം ലീഗിനെയും ചില വ്യക്തികളേയും പരിധി വിട്ട് വിമര്‍ശിച്ചിട്ടുണ്ട്. അബദ്ധവശാല്‍ വന്ന ഇത്തരം പ്രയോഗങ്ങളില്‍ എനിക്ക് അതിയായ ദുഖവും വേദനയുമുണ്ട്.
വിശ്വാസപരവും ആദര്‍ശപരവുമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടു വേണമെന്ന നിര്‍ബന്ധ ബുദ്ധിക്കാരനായ എനിക്ക് സമസ്ത എന്ന പണ്ഡിത സഭയുടെ നേതൃത്വവും എന്റെ ഗുണകാംക്ഷികളായ സുഹൃത്തുക്കളും ഇതിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് ഗൗരവപൂര്‍വ്വം സ്വീകരിക്കുന്നു.