തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞടുപ്പ് ഫലം പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. 221986 വോട്ടുകള്‍ക്കാണ് രാഹുല്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ അബിന്‍ വര്‍ക്കിക്ക് 168588 വോട്ടുകള്‍ ലഭിച്ചു. അരിത ബാബുവിന് 31930 വോട്ടുകളാണ് ലഭിച്ചത്. 7,29,626 വോട്ടുകളായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തത്. 2,16,462 വോട്ടുകള്‍ ആസാധുവായിരുന്നു.നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാണ് ഇരുവരും. നീണ്ട നാളത്തെ നടപടികള്‍ക്കൊടുവിലാണ് യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ മരണത്തേയും പുതുപ്പള്ളി തിരഞ്ഞെടുപ്പിനേയും തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. തിരഞ്ഞെടുപ്പിനെതിരെയുള്ള പരാതി കോടതി കയറിയതും നടപടികള്‍ വൈകാന്‍ കാരണമായിരുന്നു.
നീണ്ട ചര്‍ച്ചകള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ഒടുവിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെ എ ഗ്രൂപ്പ് സ്ഥാനാര്‍ഥിയാക്കിയത്. ഐ ഗ്രൂപ്പ് നോമിനിയാണ് അബിന്‍ വര്‍ക്കി. അബിന്‍ വര്‍ക്കിക്ക് പിന്തുണ പ്രഖ്യാപിച്ച് കെ.സി. വേണുഗോപല്‍ പക്ഷം സ്ഥാനാര്‍ഥിയെ പിന്‍വലിച്ചിരുന്നു.