സ്വര്‍ണ്ണ കള്ളക്കടത്ത്: സിനിമാ നിര്‍മാതാവിന്റെ വീട്ടില്‍ റെയ്ഡ്

എഎ ഇബ്രാഹിംകുട്ടിയുടെയും സഹോദരന്റെയും വീട്ടില്‍ റെയ്ഡ് നടന്നിരുന്നു. ഇവിടെ നിന്ന് ലാപ്‌ടോപ്പ് അടക്കം കസ്റ്റംസ് പിടിച്ചെടുത്തു.

Update: 2022-04-26 14:54 GMT

കൊച്ചി: ഇറച്ചി വെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ സിനിമാ നിര്‍മാതാവിന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ്. സിനിമ നിര്‍മാതാവ് സിറാജ്ജുദ്ദിന്റെ വീട്ടിലാണ് കസ്റ്റംസ് പ്രിവന്റീവ് സംഘം പരിശോധന നടത്തിയത്. തൃക്കാക്കര മുനിസിപ്പല്‍ വൈസ് ചെയര്‍മാന്റെ മകനും ഇയാളും ചേര്‍ന്ന് സ്വര്‍ണം കടത്തിയെന്ന സൂചനയെ തുടര്‍ന്നാണ് റെയ്ഡ്.

ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് രണ്ട് കിലോയിലേറെ സ്വര്‍ണം കടത്തിയെന്നാണ് കേസ്. തൃക്കാക്കര മുനിസിപ്പല്‍ വൈസ് ചെയര്‍മാനും മുസ്‌ലിം ലീഗ് നേതാവുമായ എഎ ഇബ്രാഹിംകുട്ടിയുടെ മകന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഇവരുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഇബ്രാഹിംകുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കയറി.

ദുബയില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് കാര്‍ഗോ വഴി അയച്ച ഇറച്ചി വെട്ട് യന്ത്രത്തിനുള്ളില്‍ നിന്നാണ് രണ്ട് കിലോ 232 ഗ്രാം സ്വര്‍ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തത്. തൃക്കാക്കരയിലെ തുരുത്തുമ്മേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇറച്ചിവെട്ട് യന്ത്രമെത്തിയത്. ഇത് വാങ്ങാനെത്തിയ നകുല്‍ എന്നയാളുമായും ഈ സ്ഥാപനവുമായും നഗരസഭ വൈസ് ചെയര്‍മാന്റെ മകന്‍ ഷാബിറിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

എഎ ഇബ്രാഹിംകുട്ടിയുടെയും സഹോദരന്റെയും വീട്ടില്‍ റെയ്ഡ് നടന്നിരുന്നു. ഇവിടെ നിന്ന് ലാപ്‌ടോപ്പ് അടക്കം കസ്റ്റംസ് പിടിച്ചെടുത്തു. പരിശോധന സമയത്ത് ഷാബിര്‍ വീട്ടിലുണ്ടായിരുന്നില്ല. തുരുത്തുമ്മേല്‍ എന്റര്‍പ്രൈസിന്റെ പേരില്‍ നേരത്തെയും ഇത്തരത്തില്‍ കാര്‍ഗോ എത്തിയിട്ടുണ്ട്. ഇതില്‍ സ്വര്‍ണം കടത്തിയോ എന്ന് പരിശോധിക്കുന്നതിനായി സ്ഥാപനത്തിലെ നാല് ജീവനക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്ന് കിട്ടിയ വിവരത്തെ തുടര്‍ന്നായിരുന്നു എഎ ഇബ്രാഹിംകുട്ടിയുടെ വീട്ടിലെ പരിശോധന. അന്വേഷണ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

Similar News