ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാല്‍സംഗക്കേസ് കോടതി ഇന്ന് പരിഗണിക്കും
ജലന്ധറിലെ ബിഷപ്പ് ഹൗസ് സ്ഥിതിചെയ്യുന്ന പ്രദേശം കൊവിഡ് തീവ്രമേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ യാത്രചെയ്യാന്‍ പ്രയാസമുണ്ടെന്നാണ് ഇതിന് കാരണമായി ബിഷപ്പ് അറിയിച്ചത്.
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാല്‍സംഗക്കേസ് കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ ഫ്രാങ്കോ കോടതിയില്‍ ഹാജരായിരുന്നില്ല. ജലന്ധറിലെ ബിഷപ്പ് ഹൗസ് സ്ഥിതിചെയ്യുന്ന പ്രദേശം കൊവിഡ് തീവ്രമേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ യാത്രചെയ്യാന്‍ പ്രയാസമുണ്ടെന്നാണ് ഇതിന് കാരണമായി ബിഷപ്പ് അറിയിച്ചത്. എന്നാല്‍, പ്രദേശം കൊവിഡ് തീവ്രമേഖലയാണെന്ന ഫ്രാങ്കോയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റ വിടുതല്‍ ഹരജി ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ബിഷപ്പ് വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. കുറ്റവിമുക്തനാക്കണമെന്ന പ്രതിയുടെ ആവശ്യം നിലനില്‍ക്കില്ലെന്നും ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ കഴമ്പില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്.
കേസ് നീട്ടിക്കൊണ്ടുപോവാനാണ് പ്രതിയുടെ ശ്രമമെന്നും പ്രതിക്കെതിരേ തെളിവുണ്ടെന്നും പ്രഥമവിവര റിപോര്‍ട്ടിലും ഇരയുടെ രഹസ്യമൊഴിയിലും ബിഷപ്പ് തന്നെ ബലാല്‍സംഘം ചെയ്തിട്ടുണ്ടെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് സമര്‍പ്പിച്ച ഹരജി നേരത്തെ കോട്ടയം സെഷന്‍സ് കോടതിയും നിരസിച്ചിരുന്നു. തനിക്കെതിരേ കൃത്യമായ തെളിവുകളൊന്നുമില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ബിഷപ്പിന്റെ വാദം.