കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിദിനം 3,000 ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവുകള്‍ വരുത്തുന്നു. പ്രതിദിനം 3,000 ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കുന്നതാണ് പുതിയ തീരുമാനം. നേരത്തെ ഇത് രണ്ടായിരമായിരുന്നു. വിവാഹങ്ങള്‍ക്ക് ഉള്‍പ്പെടെയാണ് 3,000 പേര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം ക്ഷേത്രത്തിലെ ജീവനക്കാര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാണ്.
ദര്‍ശനത്തിനെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫിസില്‍നിന്നുള്ള മെഡിക്കല്‍ സംഘമെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷമാണ് ക്ഷേത്രത്തില്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനമായത്. ക്ഷേത്രത്തില്‍ കൃത്യമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് ഭക്തരെ പ്രവേശിപ്പിക്കുന്നതെന്ന് മെഡിക്കല്‍ സംഘം വിലയിരുത്തി.
ആദ്യഘട്ടം ക്ഷത്രത്തിനകത്ത് 3,000 പേര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. എന്നാല്‍, ക്ഷേത്രജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും പ്രവേശനം അനുവദിക്കാവുന്ന ഭക്തരുടെ എണ്ണം 2,000 ആയി കുറയ്ക്കുകയുമായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും ഭക്തരെ ദര്‍ശനത്തിന് അനുവദിക്കുക.