പണിയ സമുദായത്തിൽ നിന്നുള്ള ആദ്യ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി എസ് ബിന്ദു

മേപ്പാടി ഡിവിഷനിൽ നിന്ന് സിപിഐ അംഗമായി ജയിച്ച എസ് ബിന്ദുവിനെയാണ് മുന്നണി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി നിയമിച്ചത്.

Update: 2020-12-31 05:13 GMT

കൽപറ്റ: വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പദവിയിലെത്തിയ എസ് ബിന്ദു പണിയ സമുദായ അംഗമാണ്. വയനാട്ടിലെ ഭൂരിപക്ഷ ആദിവാസി സമുദായത്തിൽ നിന്ന് ഈ പദവിയിൽ എത്തുന്ന ആദ്യ വനിതയെന്ന പ്രത്യേകതയും ബിന്ദുവിനുണ്ട്.

നറുക്കെടുപ്പിലൂടെ എൽഡിഎഫിന് കൈവന്നതാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പദവി. മേപ്പാടി ഡിവിഷനിൽ നിന്ന് സിപിഐ അംഗമായി ജയിച്ച എസ് ബിന്ദുവിനെയാണ് മുന്നണി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി നിയമിച്ചത്.

വയനാട്ടിൽ കൂടുതൽ ജനസംഖ്യയുള്ള ആദിവാസി വിഭാഗമാണ് പണിയ. ഈ സമുദായത്തിൽ നിന്ന് ആദ്യമായാണ് ഒരു വനിത ജില്ലാ പഞ്ചായത്ത് വൈസ് പ്രസി‍ഡന്‍റ് പദവിയിലെത്തുന്നത്. സംവരണ സീറ്റുകളിൽ 150 ലധികം പേർ വിവിധ സ്ഥലങ്ങളിൽ മത്സരിച്ചിരുന്നെങ്കിലും പണിയ സമുദായത്തിന്‍റെ പ്രാതിനിധ്യം വളരെ കുറവായിരുന്നു.

ജില്ലയുടെ വികസനത്തിനായി പ്രവർത്തിക്കാൻ അവസരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് ബിന്ദു. ജില്ലാ പഞ്ചായത്തിലേക്ക് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ചതും ബിന്ദുവാണ്. 27 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. അധ്യാപികയായി ജോലി നോക്കുകയാണ് ബിന്ദു.

മൽസര രംഗത്തുണ്ടായിരുന്ന എസ് ബിന്ദു, മുസ്ലിം ലീ​ഗിലെ കെ ബി നസീമ എന്നിവര്‍ക്ക് വോട്ടെടുപ്പില്‍ എട്ടു വോട്ടുവീതം ലഭിച്ചതിനെ തുടര്‍ന്നാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. എസ് ബിന്ദുവിനെ എന്‍സി പ്രസാദ് (പൊഴുതന) നാമനിര്‍ദേശം ചെയ്യുകയും എഎം സുശീല (തിരുനെല്ലി) പിന്താങ്ങുകയും ചെയ്തു. 

Tags:    

Similar News