ലൈഫ് മിഷനില്‍ കമ്മീഷന് നല്‍കാന്‍ ഡോളര്‍ സംഘടിപ്പിച്ചത് കരിഞ്ചന്തയില്‍ നിന്നെന്ന് സന്തോഷ് ഈപ്പന്‍
ആക്സിസ് ബാങ്കിലെ , കരമന ബ്രാഞ്ചിലെയും വൈറ്റില ബ്രാഞ്ചിലെയും രണ്ട് ജീവനക്കാരാണ് ഡോളര്‍ കരിഞ്ചന്തയില്‍ വാങ്ങാന്‍ സഹായിച്ചതെന്ന് സന്തോഷ് ഈപ്പന്‍ ഇഡിക്ക് മൊഴി നല്‍കി.
തിരുവനന്തപുരം: ലൈഫ് മിഷനുവേണ്ടി റെഡ് ക്രസന്റ് നിര്‍മ്മിച്ചു നല്‍കുന്ന ഭവന പദ്ധതിയുടെ നിര്‍മ്മാണ ചുമതല ലഭിക്കാന്‍ യുണി ടാക്ക് ഉടമ സന്തോഷന്‍ ഈപ്പന്‍ കമ്മീഷന്‍ നല്‍കിതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വര്‍ണക്കടത്ത് കേസ് സ്വപ്നയുടെ ആവശ്യപ്രകാരം കമ്മീഷന്‍ നല്‍കാന്‍ ഡോളര്‍ കരിഞ്ചന്തയില്‍ വാങ്ങിയെന്നാണ് സന്തോഷ് ഈപ്പന്‍ എന്‍ഫോഴ്സ്മെന്റിന് മൊഴി നല്‍കിയത്. യുഎഇ കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഓഫിസര്‍ ഖാലിദിന് നല്‍കാന്‍ മൂന്ന് ലക്ഷം ഡോളര്‍ എറണാകുളത്ത് നിന്നും, ഒരു ലക്ഷം ഡോളര്‍ തിരുവനന്തപുരത്ത് നിന്നുമാണ് കരിഞ്ചന്തയില്‍ വാങ്ങിയത്. കമ്മീഷനായി ഇന്ത്യന്‍ രൂപ വേണ്ടെന്നും ഡോളറായി തന്നെ നല്‍കണമെന്നും കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് ആവശ്യപ്പെട്ടപ്പോഴാണ് കരിഞ്ചന്തയില്‍ ഡോളര്‍ ലഭിക്കുന്നതിനെ കുറിച്ച് അന്വേഷിച്ചതും നാലു ലക്ഷം ഡോളര്‍ സംഘടിപ്പിച്ചതും.
ആക്സിസ് ബാങ്കിലെ വൈറ്റില ബ്രാഞ്ചിലെയും , കരമന ബ്രാഞ്ചിലെയും രണ്ട് ജീവനക്കാരാണ് ഡോളര്‍ കരിഞ്ചന്തയില്‍ വാങ്ങാന്‍ സഹായിച്ചതെന്ന് സന്തോഷ് ഈപ്പന്‍ ഇഡിക്ക് മൊഴി നല്‍കി. നാല് ലക്ഷം യു എസ് ഡോളറായും, ഒരു കോടി ഇന്ത്യന്‍ രൂപയായുമാണ് ഖാലിദിന് നല്‍കിയത്. പണം നല്‍കിയ ശേഷമാണ് ലൈഫ് മിഷന്‍ കരാര്‍ ഇടപാടിനെക്കുറിച്ച് എം. ശിവശങ്കറുമായി നേരിട്ട് സംസാരിച്ചത്. ലൈഫ് മിഷന്‍ സിഇഒ യു.വി ജോസിനെ എം.ശിവശങ്കര്‍ പരിചയപ്പെടുത്തിയെന്നും സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിട്ടുണ്ട്. 59 ലക്ഷം രൂപ സന്ദീപ് നായര്‍ക്കും നല്‍കിയിട്ടുണ്ട്. ഇരുപത് കോടി രൂപയുടെ വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഭവന പദ്ധതി ഏറ്റെടുത്തപ്പോള്‍ ഏഴരക്കോടിയും കമ്മീഷനായി നല്‍കേണ്ടി വന്നെന്ന് സന്തോഷ് ഈപ്പന്‍ ഇഡിക്ക് മൊഴി നല്‍കി.