മധ്യവേനലവധിക്ക് ശേഷം സ്‌കൂളുകള്‍ നാളെ തുറക്കും; മൂന്ന് ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്

Update: 2024-06-02 13:40 GMT

തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതര്‍ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിലെ പൊളിച്ചെഴുത്ത് അടക്കം ഈ അധ്യയനവര്‍ഷം ഒരുപാട് മാറ്റങ്ങളാണ് വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത്. പ്രവശനോത്സവത്തോടെ ഈ വര്‍ഷത്തെ അധ്യയനം തുടങ്ങാന്‍ കുട്ടികളെ ക്ഷണിച്ച് കാത്തിരിക്കുകയാണ് സ്‌കൂളുകള്‍.

കാലവര്‍ഷമെത്തിയെങ്കിലും അതൊരുപ്രശ്‌നമല്ലെന്നും മഴനനയാതെ എന്ത് പ്രവേശനോത്സവമെന്നാണ് സ്‌കൂളുകളിലെ അധ്യാപകര്‍ പറയുന്നത്. വലിയ മാറ്റങ്ങളുമായാണ് ഇത്തവണ സ്‌കൂള്‍ തുറക്കല്‍. പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം പാഠപുസ്തകങ്ങള്‍ പരിഷ്‌ക്കരിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങള്‍. ലിംഗനീതി ഉയര്‍ത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. മാറ്റമില്ലാത്ത പുസ്തകങ്ങള്‍ ഇതിനകം കുട്ടികളിലേക്കെത്തിക്കഴിഞ്ഞു. വലിയ ഇടവേളക്ക് ശേഷം ഒന്നാം ക്ലാസില്‍ അക്ഷരമാലയും തിരികെയെത്തി.

എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയത്തിലെ മാറ്റമാണ് ഈവര്‍ഷത്തെ പ്രധാന ഹൈലൈറ്റ്. 2005ല്‍ അവസാനിപ്പിച്ച വിഷയങ്ങള്‍ക്കുള്ള മിനിമം മാര്‍ക്ക് തിരികെ കൊണ്ടുവരികയാണ്. നിരന്തര മൂല്യനിര്‍ണ്ണയത്തിലും ഇനി വാരിക്കോരി മാര്‍ക്കുണ്ടാകില്ല. നൂറിനടത്ത് എത്തുന്ന വിജയശതമാനം ഇനി മുതല്‍ പ്രതീക്ഷിക്കേണ്ട.

അതേസമയം, എല്ലാം ഒരുങ്ങിയെന്ന് പറയുമ്പോഴും ആശങ്കകള്‍ ഒരുപാട് ബാക്കിയാണ്. മലബാറിലെ പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രതിസന്ധി ഇത്തവണയും തുടരും. ട്രയല്‍ അലോട്ട്‌മെന്റ് തീര്‍ന്നപ്പോള്‍ തന്നെ മിടുക്കരായവര്‍ക്ക് പോലും സീറ്റില്ലാത്ത സ്ഥിതിയാണ്. സ്ഥലം മാറ്റത്തിലെ തീരാത്ത പ്രതിസന്ധി മൂലം എണ്ണായിരത്തോളം അധ്യാപകര്‍ ത്രിശങ്കുവിലാണ്. അധ്യാപകരുടെ സ്ഥലംമാറ്റത്തിലെ പ്രശ്‌നം എന്ന് തീരുമെന്നും ഇതുവരെ ഉറപ്പില്ല. ഇതുകൂടാതെ പൊതു വിദ്യാലയങ്ങളില്‍ പതിനായിരത്തോളം അധ്യാപകരുടെ കുറവും പ്രതിസന്ധിയായി തുടരുകയാണ്.





Similar News